കെഎസ് യുവിന് ഒരു മുദ്രാവാക്യം ഉണ്ടോ?; സമരപന്തലില്‍ ക്രിമിനല്‍കേസ് പ്രതികളും: ഡിവൈഎഫ്‌ഐ 

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് കലാപം അഴിച്ചുവിടുന്നുവെന്ന് ഡിവൈഎഫ്‌ഐ
കെഎസ് യുവിന് ഒരു മുദ്രാവാക്യം ഉണ്ടോ?; സമരപന്തലില്‍ ക്രിമിനല്‍കേസ് പ്രതികളും: ഡിവൈഎഫ്‌ഐ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് കലാപം അഴിച്ചുവിടുന്നുവെന്ന് ഡിവൈഎഫ്‌ഐ. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുളള സംഭവങ്ങളില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ജനങ്ങളോടുളള വെല്ലുവിളിയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. 

സമരം നടത്തുന്ന കെഎസ്‌യുവിന്റെ മുദ്രാവാക്യം എന്ത്? , യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്?, ഇവരുടെ ഡിമാന്‍ഡ് എന്താണ്?, പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് ഇവര്‍ സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു. 

ഭരണഘടന സ്ഥാപനമായ പിഎസ്‌സിക്ക് നേരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ഭരണഘടനാസ്ഥാപനവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. എന്നാല്‍ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പദവിയുടെ മഹത്വം നോക്കാതെ ആരോപണം ഉന്നയിക്കുന്നു.വസ്തുതകള്‍ പരിശോധിക്കാന്‍ പോലും രമേശ് ചെന്നിത്തല തയ്യാറാകുന്നില്ലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. 

പിഎസ്‌സിക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ക്രിയാത്മകമായാണ് ചെയര്‍മാന്‍ പ്രതികരിച്ചത്. ആരോപണങ്ങളെ കുറിച്ച് സൂക്ഷ്മ തലത്തിലുളള അന്വേഷണത്തിന് പിഎസ്എസി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും കാത്തിരിക്കാതെയാണ് പിഎസ്‌സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി. എസ്എഫ്‌ഐയില്‍ നിരവധി ക്രിമിനലുകള്‍ ഉണ്ടെന്ന് ആരോപിക്കുന്ന കെഎസ്‌യുവിന്റെ സമരപന്തലില്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരുമുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ജനങ്ങളെ വെല്ലുവിളിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറി മാപ്പുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നാളെ മുതല്‍ നടത്താനിരിക്കുന്ന കലാപ ശ്രമങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com