'നമ്പൂതിരിപ്പാട് പറഞ്ഞാല്‍ ലാളിത്യം; ദലിത് പെണ്‍കുട്ടിക്ക് പിരിവിട്ട് വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തി, ആക്രാന്തം, അഹങ്കാരം'

ആലത്തൂര്‍ എംപി രമ്യഹരിദാസിനായി കാറുവാങ്ങാന്‍ പിരിവെടുത്ത യൂത്ത് കോണ്‍ഗ്രസ് നടപടി രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്
'നമ്പൂതിരിപ്പാട് പറഞ്ഞാല്‍ ലാളിത്യം; ദലിത് പെണ്‍കുട്ടിക്ക് പിരിവിട്ട് വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തി, ആക്രാന്തം, അഹങ്കാരം'

കൊച്ചി: ആലത്തൂര്‍ എംപി രമ്യഹരിദാസിനായി കാറുവാങ്ങാന്‍ പിരിവെടുത്ത യൂത്ത് കോണ്‍ഗ്രസ് നടപടി രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുളള ഒരു ആയുധമായി കണ്ട് ഇടതുപക്ഷം വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതല്ല കേരളം ചര്‍ച്ച ചെയ്യേണ്ടതെന്നും സിഒടി നസീര്‍ വധശ്രമകേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന കാറില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ സിപിഎം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ചര്‍ച്ചയാക്കേണ്ടതെന്നും പറഞ്ഞ് വി ടി ബല്‍റാം എംഎല്‍എ ഇടതുപക്ഷത്തിന് മറുപടി നല്‍കി. പിരിവെടുക്കാനുളള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ ന്യായീകരിച്ച്  ഫെയ്‌സ്ബുക്കിലായിരുന്നു ബല്‍റാം അഭിപ്രായം രേഖപ്പെടുത്തിയത്.

കാര്‍ വാങ്ങാനുളള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ പ്രതികരണം. ഇതിനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അഭിപ്രായം.ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രവൃത്തിയെ വീണ്ടും പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ബല്‍റാം.

കേരള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇംഎംഎസ്  പറഞ്ഞതായി പ്രചരിക്കുന്ന വാചകം ഇതൊടാപ്പം കൂട്ടിവായിച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ടു വോയില്‍ സാരി കൊടുക്കുക. അല്‍പ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്തു കൊള്ളാം' എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാല്‍ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാന്‍ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.' - ബല്‍റാം കുറിച്ചു.

'എന്നാല്‍, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാര്‍ലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെണ്‍കുട്ടിക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയില്‍ക്കിടത്തല്‍.' - ബല്‍റാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com