നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; സിബിഐ അന്വേഷിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയും മക്കളും ഹൈക്കോടതിയിൽ ഹർജി നൽകി
നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; സിബിഐ അന്വേഷിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയും മക്കളും ഹൈക്കോടതിയിൽ ഹർജി നൽകി. ജൂൺ 12 മുതൽ 16 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും ക്രൂരമായ മർദനത്തിനിരയാക്കിയെന്നും ഹർജിയിൽ പറയുന്നു. രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പുകേസും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 21നാണു രാജ്കുമാർ മരിച്ചത്. 

രാജ്കുമാറിന്റെ അമ്മയ്ക്കും ഹർജിക്കാരിക്കും മക്കൾക്കും ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. ഇടക്കാല സഹായമായി 10 ലക്ഷം രൂപ വീതം ഉടൻ നൽകണം. രാജ്കുമാറിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത 72,000 രൂപയും ജൂൺ 12നു രാത്രി വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും തിരികെ വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണമെങ്കിലും എഫ്ഐആറിൽ ചെറിയ തുകയുടെ തട്ടിപ്പാണു കാണിച്ചിട്ടുള്ളത്. രാജ്കുമാർ വൻതോതിൽ പണം പിരിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണം. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പാലിച്ചില്ല. ഇടുക്കി ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം പൊലീസ് ഇൻസ്പെക്ടർ എന്നിവർ അറിയാതെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയിൽ സൂക്ഷിക്കാൻ ലോക്കൽ പൊലീസ് തയാറാവില്ല. ഇവർക്കും ജയിൽ അധികാരികൾക്കുമെതിരെ ക്രിമിനൽ കേസെടുക്കണം. 

കുമാറിനു വൈദ്യ സഹായം നൽകുന്നതിലും പോസ്റ്റ്മോർട്ടം നടത്തിയതിലും വീഴ്ച വരുത്തിയ ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം നടത്തണം, ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലെ ഫോൺ വിളിയുടെ രേഖകളും ടവർ ലൊക്കേഷനും പരിശോധിക്കണം, റിമാൻഡ് ചെയ്ത മജിസ്ട്രേട്ടിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്നും അന്വേഷിക്കണം എന്നിവയാണു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com