ബിജെപി അം​ഗത്തിന്റെ പിന്തുണ; യു‍ഡിഎഫിനെ പുറത്താക്കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് 

ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുമ്പളം പ‍ഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്
ബിജെപി അം​ഗത്തിന്റെ പിന്തുണ; യു‍ഡിഎഫിനെ പുറത്താക്കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് 

കൊച്ചി: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുമ്പളം പ‍ഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. കോൺഗ്രസ് ഗ്രൂപ്പു കളിയിൽ യുഡിഎഫ് കൈവിട്ട പഞ്ചായത്ത് ഭരണമാണ് ബിജെപി പിന്തുണയോടെ ഇടതുപക്ഷം സ്വന്തമാക്കിയത്. ബിജെപിയുമായി ഒരുതരത്തിലും ഒത്തുപോവില്ലെന്ന് പ്രഖ്യാപിക്കുന്ന എൽഡിഎഫ് നയത്തിനെതിരായുള്ള നീക്കമാണ് കുമ്പളം പഞ്ചായത്തിൽ കണ്ടത്. 

പ്രസിഡന്റായി എൽഡിഎഫിലെ സീത ചക്രപാണിയെയും വൈസ് പ്രസിഡന്റായി യുഡിഎഫിൽ നിന്നു കൂറുമാറിയ സ്വതന്ത്രൻ ടിആർ രാഹുലിനേയും തെരഞ്ഞെടുത്തു. നിലവിൽ ആകെയുള്ള 18 സീറ്റിൽ എൽഡിഎഫ് 10, യുഡിഎഫ് എട്ട് എന്നിങ്ങനെയാണ് കക്ഷി നില. നേരത്തെയിത് സ്വതന്ത്രൻ അടക്കം യുഡിഎഫ് 10, എൽഡിഎഫ് ഏഴ്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു.

ഗ്രൂപ്പ് സമവായം പാലിച്ചില്ലെന്ന പരാതിയിൽ യുഡിഎഫിൽ നിന്ന് കോൺഗ്രസ് അംഗം വിഎ പൊന്നപ്പനൊപ്പം ബിജെപിയിലെ സിടി രതീഷ്, സ്വതന്ത്ര അംഗം ടിആർ രാഹുൽ എന്നിവർ എൽഡിഎഫിലേക്കു കൂറുമാറിയതോടെയാണ് അവർ ഭരണം നേടിയത്. രാഹുൽ കൈകാര്യം ചെയ്തിരുന്ന സ്ഥിരം സമിതി അധ്യക്ഷ പദവി രതീഷിനു നൽകാനാണ് എൽഡിഎഫിൽ ധാരണ. പുതിയ ഭരണ സമിതിയിൽ തനിക്കു സ്ഥാനങ്ങളൊന്നും വേണ്ടെന്ന് പൊന്നപ്പൻ വ്യക്തമാക്കിയിരുന്നു.

അവിശ്വാസത്തിനെതിരെ യുഡിഎഫ് കോടതിയിൽ പോയതോടെ ആറ് മാസത്തോളം തൂക്കുഭരണമായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വച്ചുമാറൽ സമവായം നീണ്ടത് ഒടുവിൽ യുഡിഎഫ് ഭരണം കൈവിട്ടു പോകുന്നതിൽ കലാശിച്ചു. രണ്ടര വർഷം കഴിഞ്ഞ് വൈസ് പ്രസിഡന്റാക്കാമെന്നു പറഞ്ഞു തന്നോട് ഒരു ഡിസിസി സെക്രട്ടറി കാട്ടിയ വിശ്വാസ വഞ്ചനയ്ക്കുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് കൂറുമാറിയ വിഎ പൊന്നപ്പൻ പറയുന്നു. രണ്ട് വർഷം നേതാക്കളുടെ പിറകെ നടന്നിട്ടും ധാരണയ്ക്കും കരാറിനും പുല്ലുവില കിട്ടിയില്ല.
 
ബിജെപിയെ കൂട്ടുപിടിച്ച് കുതിരക്കച്ചവടം നടത്തിയാണ് സിപിഎം ഭരണം പിടിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് കെ‌എം ദേവദാസ്, ഡിസിസി ജനറൽ സെക്രട്ടറി പോളച്ചൻ മണിയംകോട്ട് എന്നിവർ പറഞ്ഞു.  അതേസമയം, അവിശ്വാസ പ്രമേയ ചർച്ചയിലും തിരഞ്ഞെ‌‌ടുപ്പിലും പങ്കെടുക്കരുതെന്ന് രതീഷിന് വിപ് നൽകിയിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. വിപ് തുടർച്ചയായി ലംഘിച്ച സാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com