രമ്യാ ഹരിദാസിന് കാർ വാങ്ങണോ, വേണ്ടയോ; പുനഃപരിശോധിക്കാനൊരുങ്ങി യൂത്ത് കോൺ​ഗ്രസ്; യോ​ഗം നാളെ

ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് കാര്‍ വാങ്ങുന്ന കാര്യം പുനഃപരിശോധിച്ചേക്കും
രമ്യാ ഹരിദാസിന് കാർ വാങ്ങണോ, വേണ്ടയോ; പുനഃപരിശോധിക്കാനൊരുങ്ങി യൂത്ത് കോൺ​ഗ്രസ്; യോ​ഗം നാളെ

പാലക്കാട്: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് കാര്‍ വാങ്ങുന്ന കാര്യം പുനഃപരിശോധിച്ചേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിഷയത്തില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചകളും നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ തിങ്കളാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. പിരിവ് ഒഴിവാക്കാനും എന്നാല്‍ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ ഓരോ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത്‌ കോണ്‍ഗ്രസിന്റെ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം നടത്തി. എന്നാല്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിഷയത്തില്‍ പുനഃപരിശോധനയ്ക്കായി യോഗം ചേരാന്‍ യൂത്ത്‌ കോണ്‍ഗ്രസ് തീരുമാനിച്ചത്. 

രമ്യയ്ക്കായി വാഹനം വാങ്ങി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് മണ്ഡലത്തിലെ യൂത്ത്‌ കോണ്‍ഗ്രസുകാരുടെ പൊതുവികാരം. സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പ ലഭിക്കില്ലെന്നും അതിനാല്‍ വാഹനം വാങ്ങി നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com