വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുത്; കൊടും വളവുകളിൽ പരിശോധന വേണ്ട; പൊലീസിന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിപി

വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ
വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുത്; കൊടും വളവുകളിൽ പരിശോധന വേണ്ട; പൊലീസിന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടും വളവുകളിലും വാഹന പരിശോധന നടത്തരുതെന്നുമുള്ള നിര്‍ദ്ദേശങ്ങൾ ഡിജിപി നല്‍കിയതായാണ് റിപ്പോര്‍ട്ടുകൾ. 

ഗതാഗത തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തര സന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹന പരിശോധന ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തു ചെന്ന് പരിശോധന നടത്തണം, ഇത്തരം വാഹന പരിശോധന വീഡിയോയില്‍ പകര്‍ത്തണം, ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ, അമിത വേഗത്തില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ പിന്തുടരരുത്, രാത്രിയില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍ നിന്നു മാത്രം പരിശോധന നടത്തുക, വാഹന പരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പൊലീസ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം, ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതികള്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. 

വാഹന പരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com