'ആ ഉപദേശം കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല ജേഷ്ഠ സഹോദരനെന്ന നിലയില്‍'; മറുപടിയുമായി മുല്ലപ്പള്ളി

ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്.
'ആ ഉപദേശം കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല ജേഷ്ഠ സഹോദരനെന്ന നിലയില്‍'; മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി. ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചതെന്ന് മുല്ലപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാഹനം വാങ്ങുന്നത് വിവാദമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും  എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍  ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും പൊതുജീവിതം സുതാര്യമായിരിക്കുമെന്നുമായിരുന്നു രമ്യാ ഹരിദാസിന്റെ പ്രതികരണം. 

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രമ്യ ഹരിദാസിന് സമ്മാനമായി നല്‍കാന്‍ പതിനാലു ലക്ഷം രൂപ വിലവരുന്ന കാറാണ് ബുക്ക് ചെയ്തിരുന്നത്. ആയിരം രൂപയുടെ 1400 കൂപ്പണ്‍ അച്ചടിച്ച് യൂത്തുകോണ്‍ഗ്രസിനുളളില്‍ മാത്രം പിരിവ് നടത്തിയാണ് പണം കണ്ടെത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാലിതിനോട് വിയോജിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍കിട്ടുമായിരുന്നെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കാര്‍ വാങ്ങാന്‍ എംപിക്ക് പലിശ രഹിത വായ്പ കിട്ടുമെന്നാണ് സാമൂഹീകമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. 

ഓഗസ്ത് ഒന്‍പതിന് വടക്കഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കൊണ്ട് കാര്‍ കൈമാറാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പദ്ധതി. 

മുല്ലപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു.
ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചത്.
ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്. 
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com