ഇഎംഎസിന്റെ കത്ത് കഥ നുണ; ജീവിതത്തില്‍ ഒരിക്കല്‍പോലും ആരോടും ഒന്നും ആവശ്യപ്പെടാത്ത ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് മരുമകന്‍

ഇഎംഎസിന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബാഗങ്ങള്‍തന്നെ നിഷേധിച്ചതാണെന്ന് മരുമകന്‍ സികെ ഗുപ്തന്‍.
ഇഎംഎസിന്റെ കത്ത് കഥ നുണ; ജീവിതത്തില്‍ ഒരിക്കല്‍പോലും ആരോടും ഒന്നും ആവശ്യപ്പെടാത്ത ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് മരുമകന്‍

ഇഎംഎസിന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബാഗങ്ങള്‍തന്നെ നിഷേധിച്ചതാണെന്ന് മരുമകന്‍ സികെ ഗുപ്തന്‍. ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് നടത്തിയ വിവാദത്തില്‍ മകള്‍ക്ക് സാരി  കടം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഎംഎസിന്റെ കത്ത് എന്ന പേരില്‍ വിടി ബല്‍റാം എംഎല്‍എ ചില വരികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് നുണയാണെന്നാണ് ഇഎംഎസിന്റെ മരുമകന്‍ സികെ ഗുപ്തന്‍ പറയുന്നത്. സികെ ഗുപ്തന്റെ ഫെയ്‌സ്ബുക്ക് കമന്റ് ദേശാഭിമാനിയാണ് പുറത്തുവിട്ടിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഇ എം എസ്സ് ഒരിക്കലും കുട്ടികളുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല.1957 ല്‍ രാധക്ക് രണ്ടു വയസ്സാണ്. രാധ രണ്ടാമത്തെ മകളാണ്. മൂത്തമകള്‍ മാലതി അപ്പോള്‍ വെല്ലൂര് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. 1967ല്‍ രാധ ഹാഫ് സാരിയിലാണ്. അന്ന് അമ്മയുടെ ഡ്രസ്സ് ഉള്‍പ്പടെ പാര്‍ട്ടി ഓഫീസ്സില്‍ നിന്നാണ് എടുത്തുകൊടുക്കുക.അച്ഛനെ അറിയാവുന്നവര്‍  അഛനിങ്ങനെ ഒരു വസ്ത്ര വ്യാപാരിക്ക് കത്തുകൊടുക്കും എന്ന് വിശ്വസിക്കില്ല. മറ്റൊന്ന്, മുഖ്യമന്ത്രി എന്നനിലക്കുള്ള ശമ്പളം പാര്‍ട്ടിയാണ് മേടിച്ചെടുക്കുക,ടിഎ ഉള്‍പ്പടെയുള്ള മറ്റു ആനുകൂല്യങ്ങളും.

അതൊക്കെ അന്നുണ്ടായിരുന്നു എങ്കില്‍. മാത്രമല്ല, നീലേശ്വരത്തോ(1957ല്‍)പട്ടാമ്പിയിലോ (1967) മുഖ്യമന്ത്രി ആയിരുന്ന കാലത്തും എം എല്‍ എ ആയിരുന്നകാലത്തും തിരുവനന്തപുരത്തായിരുന്നു താമസം. അപ്പോള്‍ മണ്ഡലത്തില്‍ പോയി വന്നു എന്നുപറഞ്ഞു ടി എ എഴുതി കൊടുക്കാറില്ല. മേടിക്കാറില്ല. പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ പദവി കൊടുത്തപ്പോള്‍ അത് നിരാകരിച്ചു. സി അച്യുതമേനോനും കെ. കരുണാകരനും വീട്ടില്‍ വന്നു നിര്‍ബ്ബന്ധിച്ചിട്ടും സ്വീകരിച്ചില്ല. ഇതിനു ഞാന്‍ സാക്ഷിയാണ്.

ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ ഓഫീസ് സെക്രട്ടറി ആയിരുന്നു നാലുകൊല്ലക്കാലം. അന്ന് എം എല്‍ എ മാരുടെ ശമ്പളവും അലവന്‍സും ടി എ യും മേടിച്ചു ഞാനാണ് പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി കൊടുക്കാറ് ( 1968 1972 കാലം ). ഇതൊക്കെയാണ് സത്യം. ഇനി എന്തുവേണമെങ്കിലും പറയാം. പാര്‍ട്ടി അനുവദിക്കുന്ന ചെറിയ അലവന്‍സ് കൊണ്ടാണ് പാര്‍ട്ടിയുടെ ഫുള്‍ടൈം അംഗങ്ങള്‍ ജീവിക്കുന്നത് .ഇന്നും ഞങ്ങള്‍ അങ്ങനെയാണ് കഴിയുന്നത്. ഇപ്പോള്‍ ഞങ്ങളും കൃത്യമായി പാര്‍ട്ടിക്ക് ലെവി കൊടുക്കുകയും ചെറിയ ജീവിതം നയിക്കുന്നവരുമാണ്.

മരിച്ചുപോയ ഒരാളെക്കുറിച്ചു, ജീവിതത്തില്‍ ഒരിക്കല്‍പോലും ആരോടും ഒന്നും ആവശ്യപ്പെടാത്ത ഒരാളെക്കുറിച്ചു അറിഞ്ഞോ അറിയാതെയോ ഇങ്ങനെ പറയരുത്. രാധ ഇപ്പോള്‍ പോലും സ്വന്തം കാര്യത്തിനായി ആരെയും സമീപിക്കാറില്ല; പാര്‍ട്ടിയോട് പോലും എത്ര വിഷമമാണെങ്കില്‍ പോലും ഒന്നും പറയാറില്ല. കാരണം ഞങ്ങളെക്കാള്‍ എത്രയോ വിഷമിച്ചു ജീവിക്കുന്നവരാണ് പാര്‍ട്ടിയില്‍ എന്നതുതന്നെ . ഇങ്ങനെ ഒരു കത്തുണ്ടെങ്കില്‍ അത് കളവാണ്. 

ഇത്രയും കാലം ആ കത്ത് പുറത്തുകാണിക്കാതെ ഇപ്പോള്‍ അങ്ങനെ ഒരു കത്തുണ്ട് എന്നുപറയുന്നതില്‍ ദുരൂഹതയുണ്ട്. അന്വേഷിക്കേണ്ടതാണ്. മുഴുവന്‍ വിവരവും തന്നാല്‍ സുതാര്യമായി അന്വേഷിക്കാന്‍ അതിനു അധികാരപ്പെട്ടവരെ തന്നെ ഏല്‍പ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ .ജീവിതത്തില്‍ ഒരിക്കലും കടം മേടിക്കാതെ പാര്‍ട്ടി ഓഫീസ്സില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ അലവന്‍സില്‍ ചെലവ് നിയന്ത്രിച്ചു ജീവിക്കാന്‍ കമ്യൂണിസ്റ്റ്കാര്‍ക്കെ ആവൂ, ഞാന്‍ വളരെ വിശദമായി അന്വേഷിച്ചിട്ടാണ് മുകളിലെ കമന്റ് ഇടുന്നത്.

അമ്മയുടെ നിര്‍ബ്ബന്ധം കാരണം ഞാന്‍ കെട്ടിയ , താലി കോര്‍ത്ത മാല ( അരപ്പവന്‍) അല്ലാതെ ഒരു തരി സ്വര്‍ണ്ണം രാധക്ക് ഇല്ല്യ. ഉടുക്കാന്‍ ചില കോട്ടന്‍ സാരികളും. രാധയുടെ അമ്മ വള്ളത്തോളിന്റെ ഒരു കവിത പലപ്പോഴും കൊട്ട് ചെയ്യും : അതില്‍ പറയുന്നത് ഇങ്ങനെ : ' ഒന്നും വേണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ കല്യാണം കഴിച്ചാല്‍ മതിയായിരുന്നു എന്ന്. വിവാഹത്തിന്റെ നാലാം നാളാണ് വധുവിനെ വരന്‍ കാണുന്നത്. ആലോചന വന്നപ്പോള്‍ ഇരിക്കണമ്മമാര്‍ പറഞ്ഞുകേട്ട അറിവേ രാധയുടെ അമ്മക്ക് ഉണ്ടായിരുന്നുള്ളൂ .

വിവാഹം കഴിക്കാന്‍ വരുന്നയാള്‍ കറുത്താണ് , അല്‍പ്പം തടിച്ചാണ്, വിക്കുണ്ട്, ജെയിലില്‍ കിടന്നയാളാണ് എന്നൊക്കെ . അകന്നുനിന്നു നോക്കുമ്പോള്‍ സന്തോഷം തോന്നും എല്ലാവര്‍ക്കും . അടുത്ത് നിന്ന് കാണുമ്പോള്‍ അത്യന്തം വിഷമം തോന്നും. നല്ല വസ്ത്രം , നല്ല ഭക്ഷണം  ഇതൊക്കെ ഇ എം എസ്സിന്റെ ഭാര്യക്കും കുട്ടികള്‍ക്കും അന്യമായിരുന്നു അന്നും ഇന്നും എന്നും ,,,,
അന്നും ഇന്നും എന്നും പാര്‍ട്ടിയുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങള്‍ , പ്രത്യേകിച്ചു ഞാനും രാധയും കുഞ്ചുവും കഴിഞ്ഞുകൂടുന്നത് 

സ: പിണറായി വിജയന്‍ എപ്പോഴും ഞങ്ങളുടെ കാര്യം അന്വേഷിക്കും. വൈക്കം വിശ്വനും. എങ്കിലും മൂക്ക് വിയര്‍ത്താല്‍ ഓടി എത്തുന്നത് സ: പിണറായി വിജയനാണ് . ഇങ്ങനെ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം അന്വേഷിക്കുന്ന മറ്റൊരാള്‍ ഇല്ല്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com