'ഞങ്ങളെ തടയാന്‍ വളര്‍ന്നിട്ടില്ല'; എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്തി നോക്കൂ, അപ്പോഴറിയാം ശക്തി: എബിവിപി

തിരുവനന്തപുരം എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്തത് എസ്എഫ്‌ഐയാണെന്ന് എബിവിപി
'ഞങ്ങളെ തടയാന്‍ വളര്‍ന്നിട്ടില്ല'; എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്തി നോക്കൂ, അപ്പോഴറിയാം ശക്തി: എബിവിപി

തിരുവനന്തപുരം എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്തത് എസ്എഫ്‌ഐയാണെന്ന് എബിവിപി. യൂണിറ്റ് രൂപീകരിച്ച് രണ്ടുവര്‍ഷം കഴിയുമ്പോള്‍ തങ്ങള്‍ കോളജിലെ കാവിക്കോട്ട തകര്‍ത്തുവെന്ന എസ്എഫ്‌ഐ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു എബിവിപി സംസ്ഥാന കണ്‍വീനര്‍ മനു പ്രസാദ്. കോളജില്‍ എബിവിപിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജ് വിഷയം വഴിതിരിച്ചു വിടാനുള്ള എസ്എഫ്‌ഐയുടെ ശ്രമം മാത്രമാണ് ഇതെന്നും മനു പ്രസാദ് സമകാലിക മലയാളത്തോടു പറഞ്ഞു.

ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ എബിവിപി ക്യാമ്പസില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും കാവിക്കോട്ട തകര്‍ത്ത് വെള്ളക്കൊടി പാറിക്കുമെന്നും എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എബിവിപിക്ക് കോളജ് യൂണിറ്റിന് പ്രസിഡന്റ് പോലുമില്ലാത്ത അവസ്ഥയാണെന്നാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പറഞ്ഞത്. എന്നാല്‍ എംജിയില്‍ സംഘടനയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് എബിവിപി പറയുന്നത്. ക്യാമ്പസിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം എംജി കോളജില്‍ മാനേജ്‌മെന്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് പുനരാരംഭിക്കാന്‍ എതിരു നില്‍ക്കുന്നത് സിപിഎം തേൃത്വത്തിലുള്ള അധ്യപക സംഘടനയും എസ്എഫ്‌ഐയും ആണെന്നാണ് എബിവിപി ആരോപിക്കുന്നത്. 

'എംജി കോളജില്‍ ഇപ്പോള്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എസ്എഫ്‌ഐയുടെ പരിപാടികളില്‍ പങ്കാളിത്തം കുറവാണ്. നമുക്ക് ആളെക്കൊടുക്കാന്‍ പറ്റില്ലല്ലോ, അവര്‍ അവരുടെ പ്രവര്‍ത്തനം, ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 
എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനാകും വിധം എസ്എഫ്‌ഐ അവിടെ വളര്‍ന്നിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുവിധ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളും നടത്തരുത് എന്ന് ഞങ്ങള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ക്ഷീണമുണ്ടായിട്ടില്ല'.- മനു പറഞ്ഞു. 

'അവധി ദിവസമാണ് എസ്എഫ്‌ഐ യൂണിറ്റിട്ടത്. പൊലീസുമായാണ് എസ്എഫ്‌ഐ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. കോളജിനകത്ത് നിന്ന് എസ്എഫ്‌ഐയ്ക്ക് എതിരെ സംഘര്‍ഷമുണ്ടായിട്ടില്ല. എബിവിപിക്ക് യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമൊക്കെയുണ്ട്. ഇപ്പോള്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എംജി കോളജിനെ ഇപ്പോള്‍ വലിച്ചിഴക്കുന്നത്'.  

'കോളജിലെ തെരഞ്ഞെടുപ്പ് മുടക്കുന്നത് എസ്എഫ്‌ഐയും എകെപിസിടിഎയും ചേര്‍ന്നാണ്. എബിവിപി എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് നടത്തനായി കോളജ് അധികൃതരെ സമീപീക്കാറുണ്ട്. എന്നാല്‍ എസ്എഫ്‌ഐയും എകെപിസിടിഎയും എതിര് നില്‍ക്കും.എസ്എഫ്‌ഐ ഒരിക്കലും ജയിക്കില്ല എന്നുറപ്പിള്ളതിനാലാണ് അവര്‍ മനപ്പൂര്‍വം നടത്തുന്ന കളിയാണിത്'.-മനു പറഞ്ഞു. 
 

2017ലാണ് എസ്എഫ്‌ഐ കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. അന്ന് ഏഴോ എട്ടോപേര്‍ മാത്രമുണ്ടായിരുന്ന സംഘടനയില്‍ ഇന്ന് 440ഓളം വിദ്യാര്‍ത്ഥികള്‍ അംഗമാണെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പറഞ്ഞിരുന്നു. 'ഈ വര്‍ഷം എസ്എഫ്‌ഐ 436 മെമ്പര്‍ഷിപ്പാണ് തികച്ചത്. എസ്എഫ്‌ഐ യൂണിറ്റിന്റെ പരിപാടി എന്ന നിലയില്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പൊതിച്ചോറ് വിതരണം നടത്തുന്നുണ്ട്. അവകാശപത്രിക സമര്‍പ്പണത്തിന് കോളജില്‍ നിന്ന് 77 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. കാലം മാറുന്നതിന് അനുസരിച്ച് എംജി കോളജും മാറി. മുമ്പ് ക്യാമ്പസിനകത്ത് നടന്നിരന്ന ആര്‍എസ്എസ് ശാഖകളൊന്നും നടക്കുന്നില്ല. കാവിക്കോട്ടയുടെ ഒരു അടയാളംപോലുമില്ല. 2011ല്‍ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി അഡ്മിഷന്‍ എടുക്കാന്‍ വന്നപ്പോള്‍ അടിച്ചോടിച്ച ചരിത്രം എംജി കോളജിനുണ്ടായിരുന്നു. അത് ഞങ്ങള്‍ അറിയുന്നത് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ച വേളയില്‍ ആ കുട്ടിയുടെ ഉമ്മ വന്നുപറയുമ്പോഴാണ്'.

'മുമ്പ് ബോംബ് എറിയലും അധ്യാപകരെ ഭീഷണിപ്പെടുത്തലുമൊക്കെ നടന്ന കോളജാണ്. ഇപ്പോള്‍ ഒന്നുമില്ല. ഒരുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് എബിവിപി ഒരു പരിപാടി നടത്തിയത്. വെറും 22പേരാണ് പരിപാടിക്ക് പങ്കെടുത്തത്. ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ എത്രത്തോളം അവര്‍ തളര്‍ന്നെന്നും ഞങ്ങള്‍ വളര്‍ന്നെന്നും. എബിവിപിയുടെ കമ്മിറ്റികൂടാനുള്ള സംവിധാനം പോലും ആ സംഘടനയ്ക്കില്ല. നിലവില്‍ 21 അംഗ കമ്മിറ്റിയാണ് എബിവിപിക്കുള്ളത്. അതില്‍ത്തന്നെ അവരുടെ ഒരു പരിപാടിക്ക് വന്നത് 22പേരാണ്. അവരുടെ കമ്മിറ്റിയില്‍ സെക്രട്ടറി മാത്രമാണുള്ളത്. പ്രസിഡന്റില്ല. ഇതാണ് എബിവിപിയുടെ അവസ്ഥ.- അഭിജിത്ത് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com