'കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹം'; യതീഷ് ചന്ദ്രയ്‌ക്കെതിരെ ഗവര്‍ണര്‍ക്കും വനംവകുപ്പിനും പരാതി 

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി
'കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹം'; യതീഷ് ചന്ദ്രയ്‌ക്കെതിരെ ഗവര്‍ണര്‍ക്കും വനംവകുപ്പിനും പരാതി 

തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി. ആനയൂട്ടിനിടെ കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാണിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും വനംവകുപ്പിനും ഡിജിപിക്കും പരാതി നല്‍കിയതായും മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലക്കൊളളുന്ന സന്നദ്ധ സംഘടനയായ ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സെക്രട്ടറി വി കെ വെങ്കിടാചലം സമകാലിക മലയാളത്തോട് പറഞ്ഞു.

ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന വനംവകുപ്പിന്റെ വ്യക്തമായ നിര്‍ദേശം നിലനില്‍ക്കുന്നതായി വെങ്കിടാചലം പറഞ്ഞു.ബാരിക്കേഡുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്. പൊലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിര്‍ത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് ഈ അകലം കര്‍ശനമായി നടപ്പിലാക്കിയ വ്യക്തിയാണ് യതീഷ് ചന്ദ്ര. ഇതിന്റെ ചിത്രങ്ങള്‍ യതീഷ് ചന്ദ്ര തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ഇത്തരത്തില്‍ നിയമം അറിയാവുന്ന വ്യക്തി തന്നെ നിയമലംഘനം നടത്തിയത് വിരോധാഭാസമാണെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടിയെ തോളിലേറ്റി പരസ്യമായിട്ടാണ് യതീഷ് ചന്ദ്ര ആനയെ തൊട്ടത്. ആനയും ബാരിക്കേഡും തമ്മില്‍ അമ്പതു സെന്റീമീറ്ററിന്റെ അകലമാണ് ഉളളത്. ഈ അകലത്തില്‍ നിന്നുകൊണ്ടുപോലും യതീഷ് ചന്ദ്ര ആനയെ തൊടുന്നുണ്ട്. മൂന്നു മീറ്ററിന്റെ അകലം പാലിക്കാതെ കുട്ടിയെ കൊണ്ടും യതീഷ് ചന്ദ്ര ആനയെ തൊടിപ്പിച്ചു. ഇത് ഗുരുതരമായ തെറ്റാണെന്നും ക്യാമറയുടെ മുന്‍പിലാണ് യതീഷ് ചന്ദ്ര പരസ്യമായ നിയമലംഘനം നടത്തിയതെന്നും വെങ്കിടാചലം ആരോപിച്ചു. ഗണേശ് കുമാര്‍ മന്ത്രിയായിരുന്ന സമയത്താണ് അകലം സംബന്ധിച്ച ഉത്തരവിട്ടത്. വനംവകുപ്പും സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നും വെങ്കിടാചലം പറഞ്ഞു.

എല്ലാവര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതി തൃശൂര്‍ വടക്കുനാഥ സന്നിധിയില്‍ ആനയൂട്ട് നടത്താറുണ്ട്. ഇക്കുറി ആനയൂട്ടിന് മഫ്തിയില്‍ എത്തിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി എച്ച് യതീഷ്ചന്ദ്രയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുളളത്. ഇതിന് പിന്നാലെയാണ് ഇത് വിവാദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com