ഞങ്ങളുടെ ചരിത്രം സമരങ്ങളുടേത്: എല്‍ദോ എബ്രഹാം; സിപിഐ പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം 'സൈബര്‍ സഖാക്കള്‍'

എറണാകുളം ലാത്തിചാര്‍ജിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സിപിഎം പ്രചാരണങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ
ഞങ്ങളുടെ ചരിത്രം സമരങ്ങളുടേത്: എല്‍ദോ എബ്രഹാം; സിപിഐ പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം 'സൈബര്‍ സഖാക്കള്‍'

റണാകുളം ലാത്തിചാര്‍ജിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സിപിഎം പ്രചാരണങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. ഇവിടെ സമൂഹമാധ്യമങ്ങളില്‍ ഒളിഞ്ഞിരുന്ന് തയ്യാറാക്കുന്ന ഒളിയമ്പുകളില്‍ ഞങ്ങള്‍ തളരില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'സമരത്തില്‍ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവര്‍ ലാത്തിയുടെ തുമ്പു കണ്ടാല്‍ ഭയന്ന് ഓടുന്നവര്‍'എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് സിപിഎം സൈബര്‍ വിഭാഗത്തിന് എതിരെ എംഎല്‍എ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. 'ഇന്നലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സമരം തികച്ചും സമാധാനപരമായിരുന്നു. പ്രവര്‍ത്തന സ്വാതന്ത്രും അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല.പ്രകോപനം ഒന്നും ഇല്ലാതെ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് പ്രിയപ്പെട്ട സഖാക്കള്‍ ഇരയായി. സമരത്തെ തടഞ്ഞ പോലീസ് ബാരിക്കേഡ് പ്രവര്‍ത്തകര്‍ തള്ളി നീക്കി എന്നതിന് അപ്പുറത്ത് മറ്റൊന്നും ഉണ്ടായില്ല. ജലപീരങ്കി പ്രയോഗിച്ച ശേഷം പോലീസ് തങ്ങളുടെ സിദ്ദിച്ച പരിശീലന മുറ സഖാക്കളുടെ ദേഹത്ത് പ്രയോഗിച്ചു.ഇവിടെ സമൂഹമാധ്യമങ്ങളില്‍ ഒളിഞ്ഞിരുന്ന് തയ്യാറാക്കുന്ന ഒളിയമ്പുകളില്‍ ഞങ്ങള്‍ തളരില്ല.' അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 


'സി.പി.ഐ.യുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങള്‍ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. പൂര്‍വ്വികര്‍ കാണിച്ച് നല്‍കിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലം മുതല്‍ കഴിഞ്ഞ 25 വര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ നടത്തിയ തീഷ്ണമായ സമരങ്ങള്‍ എത്രയോ ആണ്.പോലീസിനെ നിലയ്ക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചു. ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങള്‍ തുടരും.'-പോസ്റ്റില്‍ പറയുന്നു. 

എംഎല്‍എയുടെ ആശുപത്രിയിലുള്ള കയ്യില്‍ പ്ലാസ്റ്ററിടാത്ത ചിത്രം ചൂണ്ടിക്കാട്ടി സിപിഎം പ്രൊഫൈലുകളില്‍ നിന്ന് പ്രചാരണം നടന്നിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഐയുടെ ഭാഗത്ത് നിന്ന് വരുന്നതെന്നും ഒറ്റുകാരാണ് എന്നുമാണ് ഒരുവിഭാഗം പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനി എംഎല്‍എ കുപ്പായമിട്ട് വിലസാമെന്ന് കരുതേണ്ട, ലാസ്റ്റ് ചാന്‍സാണിത് തുടങ്ങി നിരവധി കമന്റുകളാണ് എല്‍ദോയുടെ പേജില്‍ നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com