പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി നടന്നുവരുന്ന എംഎല്‍എ ; ചിത്രങ്ങള്‍ വൈറല്‍, കൈയ്യടി

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് സി കെ ശശീന്ദ്രന്റെ ഉപജീവനമാര്‍ഗം
പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി നടന്നുവരുന്ന എംഎല്‍എ ; ചിത്രങ്ങള്‍ വൈറല്‍, കൈയ്യടി

കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ ബോര്‍ഡ് വെച്ച ആഡംബര കാറും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത നേതാക്കളെ കാണാന്‍ ബുദ്ധിമുട്ടുള്ള കാലഘട്ടമാണ് ഇപ്പോള്‍. വോട്ടുചെയ്ത ജനങ്ങളെ ഭീകരരെപ്പോലെ കണ്ട്, വന്‍ പൊലീസ് സന്നാഹത്തിന് നടുവില്‍ വന്നിറങ്ങുന്ന ഭരണാധികാരികളും നിരവധിയാണ്.

ഇതിനിടയില്‍ പൊതുരംഗത്തെ ലാളിത്യത്തിന്റെ മാതൃകകളും വേരറ്റുപോയിട്ടില്ലെന്ന് ചില ഒറ്റപ്പെട്ടവരിലൂടെ തെളിയിക്കപ്പെടുന്നുണ്ട്. ലളിത ജീവിതത്തിന്റെ പേരില്‍ ശ്രദ്ധേയനായ സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ എംഎല്‍എയുമായ സി കെ ശശീന്ദ്രന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

പൊതുപ്രവര്‍ത്തനം കഴിഞ്ഞ്, വീട്ടിലേക്കുള്ള അരിയും വാങ്ങി പതിവുപോലെ നഗ്നപാദനായി നടന്നുവരുന്ന എംഎല്‍എയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീഖ് താമരശ്ശേരി പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 

സിപിഎം ഗ്രൂപ്പുകളിലും ഈ ചിത്രം പ്രചരിക്കുകയാണ്. പുഴുക്കുത്തുകളുണ്ടെങ്കിലും എന്തുകൊണ്ട് സിപിഎം പ്രതീക്ഷയാകുന്നു എന്നതിന് ഈ ചിത്രം മറുപടി തരുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. 

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് സി കെ ശശീന്ദ്രന്റെ ഉപജീവനമാര്‍ഗം. പൊതുപ്രവര്‍ത്തനം വെറും 'സേവനം' മാത്രവും. സിറ്റിങ് എംഎല്‍എയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാറിനെ 13,000 ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത്. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com