ഭരണകക്ഷിയിലുള്ളവര്‍ സമരത്തിനിറങ്ങിയാല്‍ ഇങ്ങനെയൊക്കെ വരുമെന്ന് എകെ ബാലന്‍; തല്ലുകൊണ്ടുതന്നെയാണ് ഇവിടെവരെ എത്തിയതെന്ന് സിപിഐ മന്ത്രിമാര്‍, മന്ത്രിസഭായോഗത്തില്‍ വാക്‌പോര്

എറണാകുളം ലാത്തിചാര്‍ജ് വിഷയത്തെച്ചൊല്ലി മന്ത്രിസഭ യോഗത്തില്‍ സിപിഐ-സിപിഎം വാക്‌പോര്.
ഭരണകക്ഷിയിലുള്ളവര്‍ സമരത്തിനിറങ്ങിയാല്‍ ഇങ്ങനെയൊക്കെ വരുമെന്ന് എകെ ബാലന്‍; തല്ലുകൊണ്ടുതന്നെയാണ് ഇവിടെവരെ എത്തിയതെന്ന് സിപിഐ മന്ത്രിമാര്‍, മന്ത്രിസഭായോഗത്തില്‍ വാക്‌പോര്

തിരുവനന്തപുരം: എറണാകുളം ലാത്തിചാര്‍ജ് വിഷയത്തെച്ചൊല്ലി മന്ത്രിസഭ യോഗത്തില്‍ സിപിഐ-സിപിഎം വാക്‌പോര്. എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദിച്ചതില്‍ സിപിഐ മന്ത്രിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. എംഎല്‍എയെ തല്ലിയത് സായുധ പൊലീസും സിആര്‍പിഎഫും അല്ലെന്നും കണ്ടാലറിയുന്ന ലോക്കല്‍ പൊലീസാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 

കണ്ടാലറിയുന്ന എംഎല്‍എയെ ലോക്കല്‍ പൊലീസ് മര്‍ദിച്ചത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹാരണമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ ഭരണകക്ഷിയിലുള്ളവര്‍ സമരത്തിലിറങ്ങിയാല്‍ ഇങ്ങനെയൊക്കെ വരുമെന്ന നിയമമന്ത്രി എകെ ബാലന്റെ മറുപടി സിപിഐ മന്ത്രിമാരെ ചൊടിപ്പിച്ചു. പിന്നീടുണ്ടായ തര്‍ക്കം മുഖ്യമന്ത്രി ഇടപെട്ടാണ് അവസാനിപ്പിച്ചത്. 

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണെന്നും എന്നിരുന്നാലും ജനപ്രതിനിധിക്ക് മര്‍ദനമേല്‍ക്കേണ്ടിവരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയും ജി സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന സിപിഎം മന്ത്രിമാരും സിപിഐയുടെ നിലപാടിനേട് ചേര്‍ന്നുനിന്നു. എന്നാല്‍ എകെ ബാലന്‍ സിപിഐ മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. 

ഇതിന് പിന്നാലെ സിപിഐയുടെ മറ്റുമന്ത്രിമാരായ പി തിലോത്തമനും വിഎസ് സുനില്‍കുമാറും എകെ ബാലന് എതിരെ രംഗത്ത് വന്നു. സമരങ്ങള്‍ നടത്തിയാണ് തങ്ങള്‍ ഇതുവരെയെത്തിയതെന്നും ഇനിയും അടികൊള്ളാന്‍ മടിയില്ലെന്നും എന്നാല്‍ ഒരു എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നത് ശരിയല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com