മോഷണക്കേസ് പ്രതിയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് ആഡംബര വീടുകള്‍; നാട്ടില്‍ പറഞ്ഞത് ഗള്‍ഫിലെന്ന്‌

ആറ് മാസം കൂടുമ്പോള്‍ ഒരിക്കല്‍ വില കൂടിയ സാധനങ്ങളുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു
മോഷണക്കേസ് പ്രതിയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് ആഡംബര വീടുകള്‍; നാട്ടില്‍ പറഞ്ഞത് ഗള്‍ഫിലെന്ന്‌

താനൂര്‍: മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച പ്രതിയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് വീടുകള്‍. കാട്ടിലങ്ങാടിയിലെ പല വീടുകളില്‍ നിന്നായി 13 പവനും 6000 രൂപയും മോഷ്ടിച്ച കേസില്‍ പിടിയിലാണ് നൗഷാദ്(40)ന്റെ പേരിലാണ് ഒന്നരക്കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വീടുകളുണ്ടെന്ന് കണ്ടെത്തിയത്. 

പാലക്കാട് ചെര്‍പ്പുളശേരി എഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി സ്വദേശിയാണ് ഇയാള്‍. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. ഗള്‍ഫിലാണെന്നായിരുന്നു ഇയാള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു. ആറ് മാസം കൂടുമ്പോള്‍ ഒരിക്കല്‍ വില കൂടിയ സാധനങ്ങളുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. 

താനൂര്‍ കാട്ടിലങ്ങാടിയില്‍ മോഷണം പതിവായതോടെയാണ് നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ നിരീക്ഷണത്തിന് ഇറങ്ങിയത്. കഴിഞ്ഞ ആഴ്ച ഇവിടെ ഒരുവീട്ടില്‍ മോഷണ ശ്രമം നടത്തുന്നതിന് ഇടയില്‍ വീട്ടുകാര്‍ ബഹളം വയ്ക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ കള്ളന് പിന്നാലെ ഓടിയെങ്കിലും പിടിക്കാനായിരുന്നില്ല. മോഷ്ടാവിന്റെ രൂപം വെച്ച് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ അന്വേഷണത്തില്‍ മലബാര്‍ എക്‌സ്പ്രസില്‍ ചില ദിവസങ്ങളില്‍ രാത്രി 12ന് ഒരാള്‍ ഇവിടെ സ്റ്റേഷനില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചു. 

ഇതോടെ മലബാര്‍ എക്‌സ്പ്രസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഞായറാഴ്ച രാത്രി കള്ളനെ പിടികൂടാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് നിന്നും മലബാര്‍ എക്‌സ്പ്രസില്‍ കയറിയ നാട്ടുകാര്‍ കള്ളനെ തിരിച്ചറിയുകയും, താനൂരില്‍ ഇയാള്‍ ഇറങ്ങിയപ്പോള്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയും ചെയ്തു. കസ്റ്റഡിയില്‍ എടുക്കുന്നതിന് ഇടയിലും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. പിടികൂടുന്ന സമയം ഇയാളുടെ ബാഗില്‍ സ്‌ക്രൂ ഡ്രൈവര്‍, കമ്പിപ്പാര, കട്ടിങ് മെഷീന്‍, മുഖം മൂടി എന്നിവയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com