കൊലപ്പെടുത്തുമുന്‍പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് സംശയം; പരിശോധന നടത്തും; കഴുത്തെല്ലുകള്‍ക്ക് പൊട്ടല്‍; പോസ്റ്റ്‌മോര്‍ട്ടം നിഗമനം

ആമ്പൂരില്‍ യുവതിയെ കൊലപ്പെടുത്തുമുന്‍പ് ലൈംഗികമായി പീഡിപ്പിച്ചതായി സംശയം - ആന്തരികാവയവങ്ങള്‍ രാസപരിശോധയ്ക്കയക്കും 
കൊലപ്പെടുത്തുമുന്‍പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് സംശയം; പരിശോധന നടത്തും; കഴുത്തെല്ലുകള്‍ക്ക് പൊട്ടല്‍; പോസ്റ്റ്‌മോര്‍ട്ടം നിഗമനം


തിരുവനന്തപുരം:  അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  പ്രാഥമിക നിഗമനം. കഴുത്തെല്ലുകള്‍ക്ക് പൊട്ടലുണ്ട്.  ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായോ എന്നറിയാന്‍  ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. 

യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ കിട്ടാല്‍ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു.  തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിര്‍മാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്.

രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആദര്‍ശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം  മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം.

പുതിയ വീട് കാണാന്‍ വരുന്നില്ലേയെന്ന കാമുകന്‍ അഖിലിന്റെ സ്‌നേഹത്തോടെയുള്ള ക്ഷണം അനുസരിച്ചാണ് പൂവാര്‍ സ്വദേശി രാഖിമോള്‍ അമ്പൂരി തട്ടാന്‍മുക്കിലെ വീട്ടിലെത്തുന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്നു അഖിലും രാഖിമോളും. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായിരുന്നു.

എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ അഖില്‍ സ്‌നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് രാഖി അമ്പൂരിയിലേക്ക് പോയതും ഒടുവില്‍ കൊല്ലപ്പെടുന്നതും. ജൂണ്‍ 21ന് രാത്രി 8.30 നാണ് അഖില്‍ അമ്പൂരിയിലെ വീട്ടില്‍വച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്. 

വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും അഖില്‍ അറിയിച്ചതിനെത്തുടര്‍ന്നു സന്തോഷത്തിലായിരുന്നു രാഖി. ജൂണ്‍ 21ന് നെയ്യാറ്റിന്‍കരയില്‍നിന്ന് അഖിലിനൊപ്പം കാറിലാണ് രാഖി അമ്പൂരിയിലേക്ക് പോയത്. വീട്ടിലെത്തിയശേഷം സ്‌നേഹത്തോടെയാണ് അഖില്‍ പെരുമാറിയത്. ബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് അഖില്‍ വീണ്ടും ആവശ്യപ്പെടുകയും, രാഖി അതിനു തയാറാകാതിരിക്കുകയും ചെയ്തതോടെയാണ് കൊലപാതകത്തിലേക്കു കാര്യങ്ങളെത്തിയത്. നേരത്തെ തയാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു.
 
ബന്ധത്തില്‍നിന്ന് രാഖി പിന്‍മാറിയില്ലെങ്കില്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. രാഖിയെ കുഴിച്ചിടാനും ജഡം മറവുചെയ്യാനും അഖില്‍ ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തി. കുഴി തയാറാക്കി. കുഴിയില്‍ മൂടാന്‍ ഉപ്പ് വീട്ടിലെത്തിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അടുത്താണ് സുഹൃത്ത് ആദര്‍ശിന്റെ വീട്. സുഹൃത്തിനോട് എല്ലാകാര്യങ്ങളും അഖില്‍ പറഞ്ഞിരുന്നു.

രാഖിയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തമിഴ്‌നാട്ടില്‍നിന്ന് കാര്‍ ഏര്‍പ്പാട് ചെയ്തത് ആദര്‍ശാണ്. കൊലപാതകത്തിനുശേഷം അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയി. ഇയാളെക്കുറിച്ചുള്ള വിവരം പൊലീസ് കരസേനാ അധികൃതര്‍ക്ക് കൈമാറി. അഖിലിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്നു പൊലീസ് പറഞ്ഞു. അഖിലിന്റെ അച്ഛനും ചേട്ടനും ഒളിവിലാണ്. ഇവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

രാഖി കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ സഹായിച്ചത് മൊബൈല്‍ രേഖകളാണ്. എറണാകുളത്താണ് രാഖി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. രാഖിയെക്കുറിച്ച് വിവരമില്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് പിതാവ് രാജന്‍ പൂവാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. പൂവാര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ഫോണ്‍ ഓഫാണ്. ഫോണ്‍ നമ്പരിലേക്ക് വന്നതും പോയതുമായ നമ്പരുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ കൂടുതല്‍ തവണ വന്ന നമ്പരുകള്‍ നീരിക്ഷിച്ചു. അവയുടെ ഉടമകളുടെ മേല്‍വിലാസം ശേഖരിച്ചു. അതിലൊരു വിലാസം അമ്പൂരിയിലേതാണ്. 

രാഖിക്ക് അവസാനമായി വന്ന കോളും അമ്പൂരി സ്വദേശിയുടേതാണ്. രാഖിയുടെ ഫോണ്‍ അവസാനമായി ഉണ്ടായിരുന്ന ടവര്‍ ലൊക്കേഷനും അമ്പൂരി ഭാഗത്താണ്. പിന്നീട് ഫോണ്‍ ഓഫായി. അതോടെ രാഖി അമ്പൂരി ഭാഗത്തുണ്ടെന്നു പൊലീസ് ഉറപ്പിച്ചു. പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചു എന്നാണ് പിന്നീട് അറിയാനുണ്ടായിരുന്നത്. പൊലീസ് രഹസ്യമായി അമ്പൂരിയില്‍ അന്വേഷണം നടത്തി.

പട്ടാളക്കാരനായ അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയെന്നു മനസിലായി. അഖിലിന്റെ ഫോണില്‍നിന്ന് കൂടുതല്‍ കോളുകള്‍ പോയിരിക്കുന്നത് സുഹൃത്തായ ആദര്‍ശിനാണെന്നു പൊലീസ് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചു. സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ആദര്‍ശ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രാഖി കൊല്ലപ്പെട്ട വിവരം ആദര്‍ശ് സമ്മതിച്ചു. രാഖിയെ കുഴിച്ചിട്ട സ്ഥലവും ആദര്‍ശ് കാട്ടികൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com