തിരുവനന്തപുരത്തെ 'ബന്ദി'യാക്കി യുഡിഎഫ് സമരം; റോഡുകൾ അടച്ചു; വൻ​ ​ഗതാ​ഗത കുരുക്ക്

സെക്ര​ട്ടേറിയറ്റിൻെറ മൂന്ന്​ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു -  റോഡുകള്‍ പൊലീസ് അടച്ചു 
തിരുവനന്തപുരത്തെ 'ബന്ദി'യാക്കി യുഡിഎഫ് സമരം; റോഡുകൾ അടച്ചു; വൻ​ ​ഗതാ​ഗത കുരുക്ക്

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ വിഷയവും പിഎസ്​സി പരീക്ഷാ അട്ടിമറിയും ഉന്നയിച്ച്​ സർക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സെക്ര​ട്ടേറിയറ്റ്​ ഉപരോധം തുടങ്ങി. സമരത്തെ തുടർന്ന് തലസ്ഥാന ന​ഗരം ​ഗതാ​ഗതകുരുക്കിലായി. ന​​ഗരത്തിലെ മിക്കറോഡുകളും പൊലീസ് അടച്ചു.
സെക്രട്ടറിയേറ്റിലേക്ക് കാൽനടയാത്രക്കാരെ പോലും കടത്തിവിടുന്നില്ല.  ജീവനക്കാരെ പ്രവേശിപ്പിക്കുന്നത്​ പോലും തിരിച്ചറിയൽ കാർഡ്​ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ്​.

സെക്ര​ട്ടേറിയറ്റിൻെറ മൂന്ന്​ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. കന്റോൺമെന്റ് ​ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാർ സെക്ര​ട്ടേറിയറ്റിനുള്ളിൽ പ്രവേശിക്കുന്നത്​. ഉപരോധം  പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ സമരത്തിന് അഭിവാദ്യം അർപ്പിച്ചു. ജനങ്ങളെ വെറുപ്പിക്കുന്നതിൽ സർവകാല റെക്കോർഡിട്ട സർക്കാരാണ് പിണറായി സർക്കാരെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ഉദ്യോ​ഗാർത്ഥികളുടെ മുഴുവൻ പ്രതീക്ഷയാണ് പിഎസ് സി. അതിലാണ് അട്ടിമറി സംഭവിച്ചിരിക്കുന്നത്. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മധ്യപ്രദേശിലെ വ്യാപത്തിന് തുല്യമായ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

യൂനിവേഴ്​സിറ്റി കോളജിൽ എസ്​എഫ്​ഐ പ്രവർത്തകർ അഖിൽ എന്ന വിദ്യാർഥിയെ കുത്തി വീഴ്​ത്തിയ സംഭവത്തിലും ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന്​ യൂനിവേഴ്​സിറ്റിയുടെ ഉത്തര കടലാസ്​ കണ്ടെത്തിയ സംഭവത്തിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ്​ ധർണ. മുഖ്യപ്രതികളായ ശിവരഞ്​ജിത്തും നസീമും കേരള പൊലീസിലേക്കുള്ള പിഎസ്​സി പരീക്ഷയിൽ യഥാക്രമം ഒന്നാം റാങ്കും 28ാം റാങ്കും നേടിയതിൽ തട്ടിപ്പ്​ നടന്നിട്ടുണ്ടെന്നും ഇത്​ സിബിഐ അന്വേഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വൈദ്യുതി ചാർജ്ജ്​ വർധന പിൻവലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളും സമരത്തിൽ ഉയർത്തിക്കാട്ടുന്നുണ്ട്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com