പത്തിൽ തോറ്റ ഓട്ടോ ഡ്രൈവർ; ഇപ്പോൾ ഡോക്ടർ അജിത്ത്; നിശ്ചയദാർഢ്യത്തിന്റെ കഥ

മൂവാറ്റുപുഴക്കാരനായ അജിത് മലയാളസർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി
പത്തിൽ തോറ്റ ഓട്ടോ ഡ്രൈവർ; ഇപ്പോൾ ഡോക്ടർ അജിത്ത്; നിശ്ചയദാർഢ്യത്തിന്റെ കഥ

മൂവാറ്റുപുഴ: ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കുടുംബത്തെ സംരക്ഷിക്കുന്നു. ഇടവേള കണ്ടെത്തി പഠനം നടത്തുന്നു. ഒടുവിൽ ഒരുപാട് കഷ്ടപ്പെട്ട് മൂവാറ്റുപുഴക്കാരനായ അജിത് മലയാളസർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. പത്താം ക്ലാസിൽ തോറ്റ് ഓട്ടോ ഡ്രൈവറായ കാലാമ്പൂര് പുത്തൻമഠത്തിൽ അജിത്ത് ഡോക്ടർ അജിത്തായതിന് പിന്നിൽ നിശ്ചയദാർഢ്യത്തിന്റെ കഥയുണ്ട്.

അമ്മ ശാന്തയും അമ്മൂമ്മ ചിന്നമ്മയും മാത്രമുള്ള പുറമ്പോക്കിലെ ഒറ്റമുറി ചെറ്റക്കുടിലിലാണ് അജിത് വളർന്നത്. അജിത്തിന്റെ ചെറുപ്പത്തിലേ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്താണ് ശാന്ത കുഞ്ഞിനെ പഠിപ്പിച്ചതും കുടുംബം പോറ്റിയതും. അഞ്ചൽപെട്ടി യുപിയിലും വാരപ്പെട്ടി എൻഎസ്എസ് സ്കൂളിലുമായിയിരുന്നു പഠനം. അമ്മയുടെ കഷ്ടപ്പാട് കണ്ട് എട്ടാം ക്ലാസ് മുതൽ അജിത് റബർ ടാപ്പിങിനും പെയിന്റിങിനും പോയി. 2004 ൽ പത്താം ക്ലാസ് തോറ്റപ്പോൾ കരിങ്കൽ ക്വാറിയിലായി ജോലി. പിന്നീട് മീൻ കച്ചവടത്തിനും ഓട്ടോ ഓടിക്കാനും ഇറങ്ങി. 

അതിനിടെ വീണ്ടും പഠിക്കണമെന്ന മോഹം. 2006 ൽ സേ പരീക്ഷയെഴുതിയെടുത്തു. തുടർന്ന് ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന് പ്ലസ്ടു പാസായി. അമ്മയും മകനും ചേർന്ന് കൂലിപ്പണി​യെടുത്ത് സമ്പാദിച്ച പണവും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായവും കൊണ്ട് 20 സെന്റ് സ്ഥലം വാങ്ങി വീട് പണിതു. ഓട്ടോ ഓടിക്കുന്നതിനിടെ തന്നെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ചേർന്ന് മലയാളം ഡിഗ്രിയെടുത്തു. രാത്രിയിലും അവധി ദിവസങ്ങളിലുമായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. പിന്നെ മൂവാറ്റുപുഴ ശ്രീനാരായണ കോളജിൽ നിന്ന് ബിഎഡും. 

ഇവിടുത്തെ അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് എംഎയ്ക്ക് മലയാള സർവകലാശാലയുടെ ആദ്യ ബാച്ചിൽ ചേർന്നു. ബിഎഡ് കോളജിലെ മലയാളം അധ്യാപകനായ ജോബി തോമസിന്റെ നിർദ്ദേശപ്രകാരമാണ് പിഎച്ച്ഡിക്ക് ചേർന്നത്. ‘ജനപ്രിയ സംസ്കാരവും മലയാള നാടക ഗാനങ്ങളും’ എന്നതായിരുന്നു ഗവേഷണ വിഷയം. ഇതിനിടയിൽ നെറ്റും കരസ്ഥമാക്കി. ഇനി എത്രയും വേഗം സർക്കാർ അധ്യാപക ജോലി സമ്പാദിക്കണം. അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തണം. ആദ്യ ശമ്പളം കൈയിൽ കിട്ടിയിട്ട് മതി വിവാഹം. അജിത്തിന്റെ സ്വപ്നങ്ങൾ അങ്ങനെ പോകുന്നു. ഡോക്ടറേറ്റ് കിട്ടിയെന്ന് വച്ച് ഓട്ടോയെ മറന്നിട്ടില്ല ഈ 30കാരൻ. ആശി​ച്ച ജോലി​ കി​ട്ടും വരെ ഓട്ടോയെ കൈവി​ടി​ല്ലെന്നാണ് അജിത്ത് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com