മതില്‍ പൊളിച്ചത്‌ ചോദ്യം ചെയ്തു, റിട്ട.അധ്യാപകന് ക്രൂര മര്‍ദനം; പ്രതികള്‍ പിടിയില്‍

ഇദ്ദേഹത്തിന്റെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
മതില്‍ പൊളിച്ചത്‌ ചോദ്യം ചെയ്തു, റിട്ട.അധ്യാപകന് ക്രൂര മര്‍ദനം; പ്രതികള്‍ പിടിയില്‍

തൃശൂര്‍: വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്ത റിട്ട. അധ്യാപകന് ക്രൂര മര്‍ദനം. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണന്‍(78)നെയാണ് പത്തോളം പേര്‍ ചേര്‍ന്ന് കൂട്ടം ചേര്‍ത്ത് മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ മതില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോ പൊളിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് പൊളിച്ചതാവാം ഇതെന്നായിരുന്നു സുഗുണന്റെ സംശയം. റോഡരികില്‍ കൂട്ടം ചേര്‍ന്ന് നിന്നിരുന്ന ചിലരോട് സുഗുണന്‍ ഇത് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 

പ്രകോപിതരായ യുവാക്കള്‍ അടക്കമുള്ള കുറച്ചു പേര്‍ സുഗുണനെ മര്‍ദ്ദിക്കുകയായിരുന്നു. സുഗുണനെ നിലത്തേക്ക് വലിച്ചിടുകയും, മുഖത്ത് ആഞ്ഞടിക്കുകയും, കൈ പിന്നിലേക്ക് വലിച്ച് പിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com