മൃതദേഹം നഗ്‌നയാക്കി ഉപ്പുവിതറി, പുരയിടം മുഴുവന്‍ കിളച്ച് കമുങ്ങ് നട്ടു; ഞെട്ടിച്ച് അമ്പൂര്‍ കൊലപാതകം

യുവതി മറ്റൊരാളുടെ കൂടെപ്പോയി എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ സന്ദേശമുണ്ടാക്കുകയും ചെയ്തു
മൃതദേഹം നഗ്‌നയാക്കി ഉപ്പുവിതറി, പുരയിടം മുഴുവന്‍ കിളച്ച് കമുങ്ങ് നട്ടു; ഞെട്ടിച്ച് അമ്പൂര്‍ കൊലപാതകം

തിരുവനന്തപുരം; ആമ്പൂരില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തല്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ഗമാക്കി ഉപ്പുവിതറി കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാന്‍ കുഴിച്ചിട്ട പറമ്പു മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുവതി മറ്റൊരാളുടെ കൂടെപ്പോയി എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ സന്ദേശമുണ്ടാക്കുകയും ചെയ്തു. 

ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ് നായരാണ് കേസിലെ മുഖ്യ പ്രതി. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ  സൈനികനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അഖിൽ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് വിവരം. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ രാഹുലും ഒളിവിലാണ്.

അഖിലും രാഖിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. എന്നാല്‍ ഇതിനിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. മാത്രമല്ല അഖിലുമായി വിവാഹം ഉറപ്പിച്ച പെണ്ണിനെ പോയി കണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നത്. 

രാഖി ജൂണ്‍ 21നാണ് വീട്ടില്‍നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഇരുവരും എത്തുമ്പോള്‍ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com