വസ്തുത പറഞ്ഞതിന് കാനത്തെ മോശക്കാരനാക്കുന്നു: കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th July 2019 02:19 PM |
Last Updated: 26th July 2019 02:20 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കൊച്ചി ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട വസ്തുത പറഞ്ഞതിനാണ് കാനത്തെ മോശക്കാരനാക്കാന്‍ ശ്രമം നടക്കുന്നത്. മാധ്യമങ്ങള്‍ ആഗ്രഹിച്ച പോലെ അദ്ദേഹം പറഞ്ഞില്ലെന്നതാണ് കുറ്റം. സിപിഎമ്മിനെതിരെ കാനം പറഞ്ഞിരുന്നെങ്കില്‍ അത് ആഘോഷിക്കപ്പെട്ടേനെയെന്ന് കോടിയേരി പറഞ്ഞു.
ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കും. ജനങ്ങളില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കില്ല. പൊലീസിനെ സിപിഎമ്മും വിമര്‍ശിക്കും. വസ്തുത സിപിഐ പ്രവര്‍ത്തകര്‍ മനസിലാക്കും. അവര്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് കോടിയേരി പറഞ്ഞു.