കാനം ഇന്ന് കൊച്ചിയില്‍ ; സമരം നേതൃത്വത്തിന്റെ അറിവോടെയെന്ന് പി രാജു ; നടപടിയെ ന്യായീകരിച്ച് പൊലീസ് 

സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്.  പരിക്കേറ്റ എംഎല്‍എ അടക്കം പാര്‍ട്ടി നേതാക്കളുടെ മൊഴി രേഖപ്പെടുത്തും
കാനം ഇന്ന് കൊച്ചിയില്‍ ; സമരം നേതൃത്വത്തിന്റെ അറിവോടെയെന്ന് പി രാജു ; നടപടിയെ ന്യായീകരിച്ച് പൊലീസ് 

കൊച്ചി: സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് കൊച്ചിയിലെത്തും. വൈപ്പിന്‍ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ പ്രവര്‍ത്തകുടെ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ കാനം ന്യായീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് കാനത്തിന്റെ ജില്ലാ സന്ദര്‍ശനം. 

പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനാണ് സംസ്ഥാന സെക്രട്ടറി എത്തുന്നത്. രാവിലെ കൊച്ചിയില്‍ എത്തുന്ന കാനം രാജേന്ദ്രന്‍ ആലുവയില്‍ മേഖല റിപ്പോര്‍ട്ടിംഗിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് വൈകുന്നേരം ആലുവയില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരും. 

സിപിഐ മാര്‍ച്ചിനെക്കുറിച്ച് കാനം നടത്തിയ പരാമര്‍ശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഞാറയ്ക്കല്‍ സമരം കാനത്തിന്റെ അറിവോടെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. കാനത്തിന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കാര്യത്തിലുള്ള അമര്‍ഷം യോഗത്തില്‍ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ടുപോയി പ്രതിഷേധിച്ചതിനാണ്. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കാനം അഭിപ്രായപ്പെട്ടു. 

ഇതിനിടെ സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റ കൊച്ചി സിറ്റി എസിപി ലാല്‍ജി, എസ്‌ഐ വിപിന്‍ദാസ് എന്നിവരുടെ മൊഴി കളക്ടര്‍ ഇന്ന് രേഖപ്പെടുത്തും. അതേസമയം എംഎല്‍എ യെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. സമരക്കാരെ പ്രതിരോധിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് അഡീഷണല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കെ പി ഫിലിപ്പ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ എംഎല്‍എ അടക്കം പാര്‍ട്ടി നേതാക്കളുടെ മൊഴിയും ജില്ലാ കളക്ടര്‍ രേഖപ്പെടുത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com