നിംസിലെ കോഴ്‌സ് തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി; പരാതി

നിംസ് കോളജിലെ കോഴ്‌സ് തട്ടിപ്പ് വെളിപ്പെടുത്തി രംഗത്ത് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് ഭീഷണി 
നിംസിലെ കോഴ്‌സ് തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി; പരാതി

നിംസ് കോളജിലെ കോഴ്‌സ് തട്ടിപ്പ് വെളിപ്പെടുത്തി രംഗത്ത് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി.
അഡ്മിഷന്‍ മുടക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. കോളജിലെ കോസ്‌ഴ്‌സ് തട്ടിപ്പിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥിയെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്തില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

അഡ്മിഷന്‍ എടുക്കുന്നതിന് നേതൃത്വം നല്‍കുന്ന എഡ്വി കോണ്‍ എന്ന ഏജന്‍സിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഭീഷണിയിമായി രംഗത്തെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ സമകാലിക മലയാളത്തോട്‌ പറഞ്ഞു. നുറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവ് നൗഷാദിന്റെ നേതൃത്വത്തിലാണ് ഭീഷണി. 

' കോഴ്‌സ് തട്ടിപ്പിനെതിരെ പരസ്യമായി രംഗത്ത് വന്ന ഞങ്ങള്‍ നാലു വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ നോട്ടമിട്ടിരിക്കുന്നത്. ഞങ്ങളിലൊരാള്‍ മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലേക്ക് പോയപ്പോഴാണ് ഇവര്‍ കൂട്ടിക്കൊണ്ടുപോയത്. കാറില്‍ എത്തിയ സംഘം, തക്കല ഉഡുപ്പി എന്നൊരു റസ്റ്റോറന്റില്‍ കൊണ്ടുപോയി. നിംസിന്റെ അഡ്മിഷന്‍ മാര്‍ക്കറ്റിങ് ചെയ്യുന്ന ഏജന്‍സിയിലെ സെയ്ദ്, ഷിബിന്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ തിരുവനന്തപുരം ജില്ലാ നേതാവായ നൗഷാദ് എന്നിവരാണ് കൂട്ടിക്കൊണ്ടുപോയത്. അവര്‍ 80 അഡ്മിഷന്‍ നടത്തിയിട്ടുണ്ട്. അത് ഒരു പ്രശ്‌നവുമില്ലാതെ നടത്തിത്തരണം. അതിന് നിങ്ങള്‍ മുന്‍കൈയെടുക്കണം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.' വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. 

'പരാതി പിന്‍വലിച്ചാല്‍ പണം തരാമെന്നും പറഞ്ഞു. ഞങ്ങളെ വിശ്വസിച്ച് ഇത്രയും വിദ്യാര്‍ത്ഥികള്‍ നില്‍ക്കുമ്പോള്‍ അത് ചെയ്യില്ലെന്ന് പറഞ്ഞു. അപ്പോള്‍ സ്വരം ഭീഷണിയുടേതായി. 'നിന്റെയൊക്കെ വീട് ഇവിടല്ലേ, നിന്നെയൊക്കെ എടുത്തുകൊള്ളാം' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 
തുടര്‍ന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ഐജി ഓഫീസില്‍ പരാതി നല്‍കാന്‍ പോകുകയാണ്.'-വിദ്യാര്‍ത്ഥി പറയുന്നു. 

മൂന്നു വര്‍ഷ കാര്‍ഡിയാക് കെയര്‍ കോഴ്‌സിന് പാരാമെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ഭീമമായ ഡൊണേഷന്‍ വാങ്ങുന്ന കോഴ്‌സിന്റെ അഫിലിയേഷന്‍ സംബന്ധിച്ചു മാനേജ്‌മെന്റിന് വ്യക്തതയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബിഎസ്‌സി കാര്‍ഡിയാക് കെയര്‍ കോഴ്‌സ് ടെക്‌നിക്കല്‍ കൊഴ്സ്സായി പഠിപ്പിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

ലക്ഷങ്ങളാണ് ഡൊണേഷനായി ഈടാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. കൂടാതെ നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലാണ് കോളജ് എന്ന് തെറ്റിദ്ധരിപ്പിച്ചു, ക്ലാസ്സുകള്‍ നടക്കുന്നത് തമിഴ്‌നാട്ടിലെ തക്കലയിലാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സ് പഠിച്ചിറങ്ങുമ്പോള്‍ അലയിഡ് ഹെല്‍ത്ത് സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും, കുട്ടികള്‍ക്ക് പ്‌ളേസ്‌മെന്റ് കൊടുക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അഫിലിയേഷന്‍ സംബന്ധിച്ചു അവ്യക്തതയില്ലെന്നും, കുട്ടികളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം. അധ്യാപകരും കുട്ടികളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ 20 ദിവസത്തെ സമയം ചോദിച്ചിരുന്നു.എ ഇതിന് പിന്നാലെയാണ് അഡ്മിഷന്‍ നടത്തിയ ഏജന്‍സി പോപ്പുലര്‍ ഫ്രണ്ട് നേതാവുമായി എത്തി ഭീഷണിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com