വനിതാ എംപിമാരെ ബിജെപി ശബരിമലയിലേക്ക് കൊണ്ടുപോകുമോ ? ; മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിറഞ്ഞ് ശബരിമല

മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ ധൃതി കാട്ടുന്ന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ എന്തുകൊണ്ട് നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
വനിതാ എംപിമാരെ ബിജെപി ശബരിമലയിലേക്ക് കൊണ്ടുപോകുമോ ? ; മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിറഞ്ഞ് ശബരിമല

ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. സുപ്രിംകോടതിയിലെ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ ധൃതി കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ എന്തുകൊണ്ട് നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നില്ലെന്ന് ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. ശബരിമല ആചാരസംരക്ഷണത്തിനായി സ്വകാര്യ ബില്‍ അവതരിപ്പിച്ച എംപിയാണ് പ്രേമചന്ദ്രന്‍. 

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന സര്‍ക്കാര്‍ ആണ് ഇതെന്ന് അവകാശപ്പെടുന്ന ബിജെപി തങ്ങളുടെ വനിതാ എംപിമാരെ പ്രത്യേക വിമാനത്തില്‍ ശബരിമലയ്ക്ക് കൊണ്ടുപോകാന്‍ ധൈര്യപ്പെടുമോ എന്ന് എഐഎംഐഎം പ്രതിനിധി അസദുദ്ദീന്‍ ഉവൈസി ചോദിച്ചു. ശബരിമലയുടെ കാര്യത്തിലുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡിഎംകെ അംഗം കനിമൊഴിയും ചോദിച്ചു. 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍, ശബരിമലയില്‍ വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് അംഗം പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com