സ്‌കൂള്‍ ബസില്‍ 'ക്രിമിനല്‍' ഡ്രൈവര്‍മാര്‍ വേണ്ട: ഹൈക്കോടതി

സ്‌കൂള്‍ ബസില്‍ 'ക്രിമിനല്‍' ഡ്രൈവര്‍മാര്‍ വേണ്ട: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌കൂള്‍ ബസുകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അപായ സാധ്യതകള്‍ ഇല്ലാതാക്കണമെന്ന്, ക്രിമിനല്‍ കേസ് ഉണ്ടെന്നതിന്റെ പേരില്‍ സ്‌കൂള്‍ വണ്ടി ഓടിക്കാന്‍ ഹെഡ്മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. 

ഗോത്ര സാരഥി പദ്ധതി പ്രകാരം മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഹെഡ് മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നീര്‍വാരം സ്വദേശിനി ദീപയും ഭര്‍ത്താവ് പ്രവീണും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്‌കൂള്‍ വാഹനം ഓടിക്കാന്‍ കരാര്‍ ലഭിച്ചവരാണ് ഹര്‍ജിക്കാര്‍.

പ്രവീണിന് ലൈസന്‍സുണ്ടെങ്കിലും കേസുകളിലെ പ്രതിയാണെന്ന പേരില്‍ ലഭിച്ച ചില അജ്ഞാത പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനമോടിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഗോത്ര സാരഥി പദ്ധതിക്ക് കീഴിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹെഡ്മാസ്റ്റര്‍ക്കും പി.ടി.എക്കും അധികാരമില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവീണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെന്നും ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചു.

പീഡനക്കേസില്‍ പ്രതിയായി കോടതി വെറുതെ വിട്ടയാളാണ്. മറ്റൊരു കേസില്‍ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. പ്രവീണ്‍ വാഹനമോടിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. തുടര്‍ന്നാണ് ക്രിമിനല്‍ കേസിലെ പ്രതികളെ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ നിയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com