കമ്മ്യൂണിസ്റ്റുകള്‍ ഇന്നും 'ബ്രാഹ്മിണ്‍ ബോയ്‌സ്' ; അവരുടെ ദാരിദ്ര്യം മാത്രമേ കണ്ണില്‍പ്പെടുകയുളളൂ; വിമര്‍ശനം, കുറിപ്പ് 

കമ്മ്യൂണിസ്റ്റുകള്‍ ഇന്നും 'ബ്രാഹ്മിണ്‍ ബോയ്‌സ്' ; അവരുടെ ദാരിദ്ര്യം മാത്രമേ കണ്ണില്‍പ്പെടുകയുളളൂ; വിമര്‍ശനം, കുറിപ്പ് 

സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ നല്ലൊരു പങ്കും ദരിദ്രരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ

കൊച്ചി: സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ നല്ലൊരു പങ്കും ദരിദ്രരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. ബ്രാഹ്മണരുടെ 'ദാരിദ്ര്യം' മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുകയുള്ളൂ എന്നത്  വീണ്ടും തെളിയിക്കപ്പെടുകയാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്ന് ഒരാള്‍ക്ക് പോലും പുതുതായി വീട് വക്കാന്‍ പണം നല്‍കുന്നില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ഏതാണ്ട് അയ്യായിരത്തോളം പട്ടികജാതിക്കാര്‍ക്ക് വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് ഇങ്ങനെ പുതിയ വീട് നല്‍കിയിരുന്നു.'

'ദാരിദ്ര്യം പരക്കെയുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ സവര്‍ണ്ണന്റെ ദാരിദ്ര്യം കേവലം പണമില്ലായ്മ മാത്രമാണ്. എന്നാല്‍ ദലിത് വിഭാഗക്കാരുടേത് ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും അവഗണനയും അവഹേളനവും അടിച്ചമര്‍ത്തലും അധികാര പങ്കാളിത്തമില്ലായ്മയും മുതല്‍ മോബ് ലിഞ്ചിംഗ് വരെ നീളുന്നതാണ്. ഈ അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യം മനസ്സിലാവാത്തതാണ് കമ്മ്യൂണിസ്റ്റുകളെ ഇന്നും 'ബ്രാഹ്മിണ്‍ ബോയ്‌സ്' ആയി നിലനിര്‍ത്തുന്നത്.'- ബല്‍റാം കുറിച്ചു.

സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ നല്ലൊരു പങ്കും ദരിദ്രരാണെന്ന് പറഞ്ഞ കോടിയേരി പല അഗ്രഹാരങ്ങളും ചേരികള്‍ക്ക് സമാനമാണെന്നും ചൂണ്ടിക്കാട്ടി. അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. സവര്‍ണര്‍ക്ക് ജോലി കിട്ടാനുളള സാധ്യതകള്‍ വിരളമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


കാര്യം പറയുമ്പോള്‍ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല. ബ്രാഹ്മണരുടെ 'ദാരിദ്ര്യം' മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്ന് ഒരാള്‍ക്ക് പോലും പുതുതായി വീട് വക്കാന്‍ പണം നല്‍കുന്നില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ഏതാണ്ട് അയ്യായിരത്തോളം പട്ടികജാതിക്കാര്‍ക്ക് വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് ഇങ്ങനെ പുതിയ വീട് നല്‍കിയിരുന്നു. വീട് റിപ്പയറിന് ആയിരക്കണക്കിനാളുകള്‍ക്ക് വേറെയും സഹായം ലഭിച്ചിരുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വീടിനുള്ള ഫണ്ട് എല്ലാം ''ലൈഫി'ലേക്ക് മാറ്റി എന്ന് പറയപ്പെടുന്നു, മൂന്ന് വര്‍ഷമായിട്ടും പട്ടികജാതിക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെട്ടു തുടങ്ങിയിട്ടില്ല. വീട് റിപ്പയറിന് പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് പരമാവധി ഒന്നര ലക്ഷമാണ്. അതും സംസ്ഥാനത്ത് ആകെ മൂവായിരത്തോളം ആളുകള്‍ക്ക് മാത്രം. എന്നാല്‍ ബ്രാഹ്മണന്റെ അഗ്രഹാരം റിപ്പയറിന് അഞ്ച് ലക്ഷം തന്നെ വേണം!

ദാരിദ്ര്യം പരക്കെയുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ സവര്‍ണ്ണന്റെ ദാരിദ്ര്യം കേവലം പണമില്ലായ്മ മാത്രമാണ്. എന്നാല്‍ ദലിത് വിഭാഗക്കാരുടേത് ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും അവഗണനയും അവഹേളനവും അടിച്ചമര്‍ത്തലും അധികാര പങ്കാളിത്തമില്ലായ്മയും മുതല്‍ മോബ് ലിഞ്ചിംഗ് വരെ നീളുന്നതാണ്. ഈ അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യം മനസ്സിലാവാത്തതാണ് കമ്മ്യൂണിസ്റ്റുകളെ ഇന്നും 'ബ്രാഹ്മിണ്‍ ബോയ്‌സ്' ആയി നിലനിര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com