ദേശീയപാതയിൽ വൻ തിരക്ക്, കലി പൂണ്ട ഒറ്റയാൻ റെയിൽവേ ട്രാക്കിലേക്ക് പന മറിച്ചിട്ടു, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വാളയാർ ചന്ദ്രാപുരം ദേശീയപാതയോരത്ത്, പ്രദേശവാസികളെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു ഒറ്റയാന്റെ പരാക്രമം.
ദേശീയപാതയിൽ വൻ തിരക്ക്, കലി പൂണ്ട ഒറ്റയാൻ റെയിൽവേ ട്രാക്കിലേക്ക് പന മറിച്ചിട്ടു, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട് :  കലിപൂണ്ട ഒറ്റയാൻ റെയിൽവേ ട്രാക്കിനു സമീപത്തെ പന ട്രാക്കിലേക്ക് കുത്തി മറിച്ചിട്ടു. കോയമ്പത്തൂർ–പാലക്കാട് പാസഞ്ചർ ട്രെയിൻ കടന്നു വരുന്നതിനു മിനിറ്റുകൾക്കു മുൻപായിരുന്നു സംഭവം. വനംവകുപ്പ് വാച്ചർമാരുടെയും റെയിൽവേ ട്രാക്ക്മാൻമാരുടെയും സമയോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. പുലർച്ചെ ആറരയോടെ വാളയാർ ചന്ദ്രാപുരം ദേശീയപാതയോരത്ത്, പ്രദേശവാസികളെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു ഒറ്റയാന്റെ പരാക്രമം.

പുലർച്ചെ വാളയാർ വനത്തിൽ നിന്ന് ചിന്നം വിളിച്ച് കടന്നെത്തിയ ആന ദേശീയപാതയിൽ നിന്നു മീറ്ററുകൾ അകലെ മാത്രമുള്ള ട്രാക്കിനു അപ്പുറത്തായി ആദ്യം നിലയുറപ്പിച്ചു. ട്രാക്ക് കടക്കാനും മുന്നോട്ടു നീങ്ങാനും ശ്രമിച്ചെങ്കിലും ദേശീയപാതയിലെ വാഹനങ്ങളുടെ തിരക്കും ബഹളങ്ങളും ആനയെ പിന്നോട്ടടുപ്പിച്ചു. ട്രാക്കിനു ഓരത്തിലൂടെ അൽപസമയം മുന്നോട്ടും പിന്നോട്ടും നടന്നു. ഇതിനിടെ ദേശീയപാതയോരത്ത് ഉണ്ടായിരുന്നവർ ഒച്ചയിട്ട് ആനയെ വിരട്ടി കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതോടെ ആന കൂടുതൽ പ്രകോപിതനായി. 

കലി പൂണ്ട ആന കലിപ്പ് തീർക്കാനെന്ന വിധം പന കുത്തി മറിച്ച് ട്രാക്കിലേക്ക് തള്ളിയിട്ടു. ഇതിനിടെ ശബ്ദം കേട്ട് തൊട്ടടുത്തുണ്ടായിരുന്ന വാച്ചർമാർ സ്ഥലത്തെത്തി, ആനയെ വിരട്ടി വനത്തിലേക്ക് കടത്തി. പടക്കമെറിഞ്ഞു ആനയെ ഉൾവനത്തിലേക്ക് കയറ്റി. പിന്നീട് വാച്ചർമാരും ട്രാക്ക്മാൻമാരും നാട്ടുകാരുടെ സഹായത്തോടെ ട്രാക്കിലെ പന മുറിച്ചു മാറ്റി ട്രാക്കിന് പുറത്തേക്ക് മാറ്റി. ഇതിനിടെ റെയിൽവേ സ്റ്റേഷനിലേക്കും അപകട മുന്നറിയിപ്പ് കൈമാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com