ഭക്ഷ്യവകുപ്പിൽ കാനത്തിന്റെ മകൻ ഇടപെട്ടു, കോടികൾ കമ്മീഷൻ തട്ടിയെടുത്തു ; മുഖ്യമന്ത്രിയുടെ ബ്ലാക്ക് മെയിലിങ് കാനത്തിന്റെ മൗനത്തിന് പിന്നിലെന്നും കോൺ​ഗ്രസ് മുഖപത്രം; ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി

സര്‍ക്കാരിനെതിരെ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ തളളിക്കളയുന്നുവെന്നും മന്ത്രി
ഭക്ഷ്യവകുപ്പിൽ കാനത്തിന്റെ മകൻ ഇടപെട്ടു, കോടികൾ കമ്മീഷൻ തട്ടിയെടുത്തു ; മുഖ്യമന്ത്രിയുടെ ബ്ലാക്ക് മെയിലിങ് കാനത്തിന്റെ മൗനത്തിന് പിന്നിലെന്നും കോൺ​ഗ്രസ് മുഖപത്രം; ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി

തിരുവനന്തപുരം : ഭക്ഷ്യവകുപ്പിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകൻ ഇടപെട്ടതായി കോൺ​ഗ്രസ് മുഖപത്രം ആരോപിച്ചു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തി. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മീഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും മുഖപത്രം ആരോപിക്കുന്നു.

മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണി മുഴക്കിയതോടെയാണ് കാനം മൗനത്തിലായതെന്നും വാര്‍ത്തയില്‍ പറയുന്നു. കോൺ​ഗ്രസ് മുഖപത്രത്തിന്റെ ആരോപണം നിഷേദിച്ച് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ രം​ഗത്തെത്തി. ഭക്ഷ്യവകുപ്പിൽ കാനത്തിന്റെ മകൻ ഇടപെട്ടു എന്നത് കളവാണ്. ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയാണെന്നും തിലോത്തമൻ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. 

റേഷന്‍ സംവിധാനത്തെ നിയന്ത്രിച്ചിരുന്ന സ്വകാര്യമൊത്തവിതരണക്കാരെ ഒറ്റയടിക്ക് പുറത്താക്കാനും സര്‍ക്കാര്‍ സംവിധാനം വഴി വാതില്‍പ്പടി വിതരണം നടത്താനും ഇച്ഛാശക്തി കാട്ടിയ സര്‍ക്കാരാണിത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ തളളിക്കളയുന്നുവെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന കാനം രാജേന്ദ്രന്‍ കുറേ നാളായി മൗനം പാലിക്കുന്നതാണ് പുതിയ ആരോപണത്തിന് കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com