രാഖി വധം : രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍ ; കൊല നടത്തിയത് കാറില്‍ വെച്ചെന്ന് കുറ്റസമ്മതം

രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ അച്ഛന്‍ ആരോപിച്ചു
രാഖി വധം : രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍ ; കൊല നടത്തിയത് കാറില്‍ വെച്ചെന്ന് കുറ്റസമ്മതം

തിരുവനന്തപുരം : അമ്പൂരിയിലെ രാഖിയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുല്‍ പൊലീസിന്റെ പിടിയിലായി. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. 

രാഖിയെ കൊലപ്പെടുത്തിയെന്ന് പ്രതി രാഹുല്‍ പൊലീസിനോട് സമ്മതിച്ചു. കാറില്‍ വെച്ചാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ച കാര്‍ തമിഴ്‌നാട് സ്വദേശിയായ സൈനികന്‍ രതീഷിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. 

അതേസമയം കേസിലെ മുഖ്യപ്രതി അഖില്‍ മുങ്ങിയതായി പൊലീസ് സംശയിക്കുന്നു. സൈനികനായ അഖില്‍ ജോലിയില്‍ തിരികെ പോയെന്നായിരുന്നു പിതാവ് അറിയിച്ചത്. എന്നാല്‍ ജോലിസ്ഥലത്ത് ചെന്നിട്ടില്ലെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ലഡാക്കില്‍ അഖില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. സഹോദരന്‍ രാഹുലിനെ ചോദ്യം ചെയ്യുന്നതിലൂടെ അഖിലിനെ കണ്ടെത്താനാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. 

അതിനിടെ രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ അച്ഛന്‍ ആരോപിച്ചു. ഇരുവരും അറിയാതെ അഖില്‍ അങ്ങനെ ചെയ്യില്ലെന്നാണ് രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നത്. അഖിലിന്റെ വീട്ടില്‍ ഇന്നലെയും പൊലീസ് പരിസോധന നടത്തി തെളിവ് ശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

സംഭവദിവസം രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, രാഖിയും അഖിലും റെണാകുളത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നുവെന്നും, ഭാര്യഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. അഖിലിന് മാതാപിതാക്കള്‍ വേറെ കല്യാണം ആലോചിച്ചതോടെ, ഇക്കാര്യം അറിഞ്ഞ രാഖി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് രാഖിയെ ഒഴിവാക്കാന്‍ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com