'കൊമ്പ് മണ്ണില്‍കുത്തി തലകീഴായി നില്‍ക്കുന്ന കൊമ്പന്‍', കുസൃതിയും ഭീതിയും ഇനി ഓര്‍മ്മ; കണ്ണീരണിഞ്ഞ് ആനപ്പന്തി

കുസൃതിയും ഭീതിയും പടര്‍ത്തി ആറളം പന്തിയില്‍ വരുന്ന കാഴ്ചക്കാര്‍ക്ക് ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചിരുന്ന ആറളം കൊമ്പന്‍ എന്ന ശിവ ചരിഞ്ഞു
'കൊമ്പ് മണ്ണില്‍കുത്തി തലകീഴായി നില്‍ക്കുന്ന കൊമ്പന്‍', കുസൃതിയും ഭീതിയും ഇനി ഓര്‍മ്മ; കണ്ണീരണിഞ്ഞ് ആനപ്പന്തി

വയനാട്:   കുസൃതിയും ഭീതിയും പടര്‍ത്തി ആറളം പന്തിയില്‍ വരുന്ന കാഴ്ചക്കാര്‍ക്ക് ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചിരുന്ന ആറളം കൊമ്പന്‍ എന്ന ശിവ ചരിഞ്ഞു. അവന്റ വേര്‍പാടിന്റെ വേദനയില്‍ കണ്ണീരണിയുകയാണ് അവനെ കണ്ടവര്‍. ഒരിക്കലും മെരുങ്ങാത്ത സ്വഭാവക്കാരനായിരുന്ന ശിവ ചിലപ്പോഴൊക്കെ കൂട്ടിലെ മരത്തടികളുടെ ഇഴകളില്‍ പിന്‍കാലുകള്‍ ചവിട്ടിക്കയറി കൊമ്പ് മണ്ണില്‍കുത്തി തല കീഴായി നില്‍ക്കുന്നത് ഇന്നും കാഴ്ചക്കാര്‍ ഓര്‍ത്തെടുക്കുന്നു. 

ആന ചരിഞ്ഞപ്പോള്‍ പന്തിയില്‍ പലരും മാറിയിരുന്ന് കരയുന്നുണ്ടായിരുന്നു. ആനയുടെ രണ്ട് പാപ്പാന്‍ മാര്‍, ബയോളജിസ്റ്റ് വിഷ്ണു, ഭക്ഷണം നല്‍കിയിരുന്ന ബിനു എന്നിവര്‍ക്കൊന്നും ആനയുടെ വേര്‍പാട് താങ്ങാനായില്ല. നാട്ടില്‍ അടിമുടി പ്രശ്‌നം സൃഷ്ടിച്ചപ്പോഴാണ് കാഴ്ചയില്‍ കുള്ളനായ ആറളം കൊമ്പനെ 2017 മേയില്‍ ഫോറസ്റ്റ് വെറ്റിറിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വനമേഖലയില്‍ വച്ച് മയക്കുവെടി വച്ച് വീഴ്ത്തിയത്.

മൂന്നു പേരെ കൊന്ന കൊമ്പനാണെന്ന കുപ്രസിദ്ധി ഉളളതുകൊണ്ട് ഏറെ ശ്രദ്ധിച്ചാണ് ആനയെ പിടിച്ചത്. 8 മാസം ആറളത്ത് കൂട്ടിലിട്ടെങ്കിലും സ്വഭാവം ഒട്ടും മാറിയില്ല. തുടര്‍ന്നാണ് മുത്തങ്ങയിലേക്ക് കൊണ്ടു വന്നത്. 26 മാസം മുത്തങ്ങയില്‍ ഒരു കൂട്ടില്‍ തന്നെ കഴിഞ്ഞു. കിടക്കാന്‍ പറയുമ്പോള്‍ കിടക്കുകയും തുമ്പിക്കൈ ഉയര്‍ത്താന്‍ പറയുമ്പോള്‍ ഉയര്‍ത്തുകയുമൊക്കെ ചെയ്യുമായിരുന്നെങ്കിലും കൂടിനു പുറത്തിറക്കാന്‍ കഴിയുന്ന വിധത്തില്‍ ആന ഇണങ്ങിയിരുന്നില്ല.വലിയ കുറുമ്പു കാട്ടുമ്പോഴും ഭക്ഷണം വായില്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നെന്ന്  ഡോ അരുണ്‍ സഖറിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com