'മുഖം മറച്ചെത്തിയ ആള്‍ വാനില്‍ തട്ടിക്കൊണ്ട് പോയി'; വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ പിന്നാലെ പോയ പൊലീസ് ഞെട്ടി; 19കാരിയുടെ പ്രതികാരം

വിദ്യാര്‍ത്ഥിനിയായ കുട്ടനാട്ടുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി
'മുഖം മറച്ചെത്തിയ ആള്‍ വാനില്‍ തട്ടിക്കൊണ്ട് പോയി'; വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ പിന്നാലെ പോയ പൊലീസ് ഞെട്ടി; 19കാരിയുടെ പ്രതികാരം

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയായ കുട്ടനാട്ടുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി. അമ്മ വഴക്ക് പറഞ്ഞതിന് പ്രതികാരമായി തട്ടിക്കൊണ്ട് പോകല്‍ കഥ പെണ്‍കുട്ടി തന്നെ മെനഞ്ഞെടുത്തതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കൈനകരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ വാനില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 

തുവാലകൊണ്ട് മുഖംമൂടിയ ആള്‍ തന്നെ അബോധാവസ്ഥയിലാക്കി വാനില്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കഥ. വൈകിട്ട്  ബോധം തിരികെ കിട്ടിയപ്പോള്‍ തുറവൂര്‍ ജംക്ഷനു സമീപത്തായിരുന്നുവെന്നും അവിടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടി പൊലീസില്‍ വിവരം അറിയിച്ചെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. പരാതി ലഭിച്ച കുത്തിയതോട് പൊലീസ് അറിയിച്ചതനുസരിച്ച് നോര്‍ത്ത് പൊലീസ് പോയി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന്  ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ പിന്നിടാണ് സംഭവത്തിന്റെ നിജസ്ഥിതി പൊലീസ് തിരിച്ചറിഞ്ഞത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ വിഷമിച്ച് ബസില്‍ കലവൂരിലെത്തിയ പെണ്‍കുട്ടി അവിടെ പ്രാര്‍ഥനാലയത്തില്‍ പോയി. തുടര്‍ന്ന് ഒരു കന്യാസ്ത്രീയെ കാണാനായുള്ള യാത്രയ്ക്കിടെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ വിഷമമായി. തുടര്‍ന്ന് കഥയുണ്ടാക്കി പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

വനിതാ പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കഥയുടെ കെട്ടഴിഞ്ഞത്.  രാത്രിയില്‍ പൊലീസ് ജീപ്പില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. അച്ഛന്‍ മരിച്ചതിനാല്‍ അമ്മ കൂലിപ്പണി ചെയ്താണ് വിദ്യര്‍ത്ഥിനിയുള്‍പ്പെടെ 3 പെണ്‍മക്കളെ വളര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com