യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചു, യുവാവിന്റെ കൈ തിരിച്ചൊടിച്ചു; സജീവാനന്ദന്‍ കാത്തിരുന്നു പകവീട്ടിയതാണെന്ന് ആക്രമണത്തിന് ഇരയായവര്‍

പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദന്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്
യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചു, യുവാവിന്റെ കൈ തിരിച്ചൊടിച്ചു; സജീവാനന്ദന്‍ കാത്തിരുന്നു പകവീട്ടിയതാണെന്ന് ആക്രമണത്തിന് ഇരയായവര്‍

വയനാട്; വയനാട് അമ്പലവയലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ തമിഴ്‌നാട് സ്വദേശികളായ യുവതിയുടേയും യുവാവിന്റെയും മൊഴി അന്വേഷണ വിഭാഗം രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ നേരിട്ട് എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദന്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചുവെന്നും യുവാവിന്റെ കൈ തിരിച്ചൊടിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. 

കൊയമ്പത്തൂര്‍ സ്വദേശിയായ യുവതിയെ പൊലീസ് കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയത്. ആദ്യദിവസം യുവതി പൊലീസിനെ കാണാന്‍ കൂട്ടാക്കിയില്ല. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. യുവതി പറഞ്ഞതനുസരിച്ച് മര്‍ദ്ദനമേറ്റ യുവാവിനെയും പൊലീസ് കണ്ടെത്തി മൊഴിയെടുക്കുകയായിരുന്നു. 

ഇരുവരും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിലെത്തി സജീവാനന്ദന്‍ ശല്യം ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ത്തതിന്റെ പകയിലാണ്. കാത്തുനിന്ന് അക്രമിച്ചെന്നാണ് ഇരുവരും നല്‍കിയ മൊഴി. തങ്ങള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റെന്നും ഭയന്നിട്ടാണ് പരാതി നല്‍കാതെയിരുന്നതെന്നും ഇരുവരുടെയും മൊഴിയില്‍ പറയുന്നു. ഇരുവരുടെയും രഹസ്യ മൊഴി വിശദമായി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവരുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനേയും യുവതിയേയും കണ്ടെത്താനായിരുന്നില്ല. വലിയ വാര്‍ത്തയായതോടെയാണ് യുവതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ പ്രതിയായ സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. ആക്രമണത്തിന് ഇരയായവര്‍ മൊഴി നല്‍കിയതോടെ സജീവാനന്ദന്റെ മേല്‍ കുരുക്ക് മുറുകുകയാണ്. അക്രമണത്തില്‍ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാതെയിരുന്നതിനാല്‍ പ്രതിക്കുമേല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരുവരുടെയും മൊഴിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉള്ള സാഹചര്യത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സജീവാനന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പറ്റ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com