ബിനോയിക്കു തിരിച്ചടി; ഡിഎന്‍എ പരിശോധനയ്ക്കു ഹൈക്കോടതി നിര്‍ദേശം, നാളെ രക്ത സാംപിള്‍ നല്‍കണം

പരിശോധനയ്ക്കായി രക്ത സാംപിളുകള്‍ നല്‍കാന്‍ ബോംബെ ഹൈക്കോടതി ബിനോയിക്കു നിര്‍ദേശം നല്‍കി
ബിനോയിക്കു തിരിച്ചടി; ഡിഎന്‍എ പരിശോധനയ്ക്കു ഹൈക്കോടതി നിര്‍ദേശം, നാളെ രക്ത സാംപിള്‍ നല്‍കണം

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎന്‍എ പരിശോധന നാളെ നടക്കും. പരിശോധനയ്ക്കായി രക്ത സാംപിളുകള്‍ നല്‍കാന്‍ ബോംബെ ഹൈക്കോടതി ബിനോയിക്കു നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബിനോയ് രക്ത സാംപിള്‍ നല്‍കിയിരുന്നില്ല. 

ലൈംഗിക പീഡന പരാതിയിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജിയിലാണ്, ഡിഎന്‍എ പരിശോധനയ്ക്കു ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേസ് കെട്ടിച്ചമച്ചത് ആണെന്നായിരുന്നു ബിനോയിയുടെ വാദം. ബിനോയ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നതിന് കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധനയ്ക്കു കോടതി നിര്‍ദേശം നല്‍കിയത്. പരിശോധനയ്ക്കു തയാറാണെന്ന് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബിനോയിയുടെ ഹര്‍ജി തുടര്‍ന്നു കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com