ശശി തരൂരിന് അറിയാഞ്ഞിട്ടാണ്, അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

ശശി തരൂര്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു
ശശി തരൂരിന് അറിയാഞ്ഞിട്ടാണ്, അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായം പറയാന്‍ പാടില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ ഒരു പാര്‍ട്ടിക്ക് ഒരിക്കലും അങ്ങനെയൊരു അവസ്ഥ വരില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

ശശി തരൂര്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസിന് നാഥനില്ലെങ്കില്‍ പിന്നെ ഏതു  രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് നാഥനുള്ളത്. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ഏതാണുള്ളത്. അതിനെക്കുറിച്ച് ശശി തരൂരിന് അറിയാത്തതുകൊണ്ടാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

ഡല്‍ഹിയിലുള്ള ശശി തരൂര്‍ ഇങ്ങനെയൊരു അഭിപ്രായം പറയും മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നാണ് കെപിസിസിയുടെ അഭിപ്രായം. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് അറിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക പിസിസികളുടെയും അഭിപ്രായം അതുതന്നെയാണ്. അതുകൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ വൈകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നീട്ടിക്കൊണ്ടുപോവരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഇപ്പോഴും നേതൃനിരയില്‍ സജീവമായുണ്ട്. അദ്ദേഹം അധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെടുന്നത് താരാരാധന കൊണ്ടല്ല, പ്രവര്‍ത്തനമികവും നേതൃപാടവവും മനസിലാക്കിയതുകൊണ്ടാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com