'അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് പൈസയും സ്വര്‍ണവും വെച്ചേക്കണം, ഞാന്‍ ഇനിയും കയറും'; പൊലീസ് നാടുമുഴുവന്‍ തേടുമ്പോള്‍ കള്ളന് സുഖതാമസം

ആള്‍താമസമില്ലാത്ത വീട്ടില്‍ ഉണ്ട് ഉറങ്ങിയ കള്ളന്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പും എഴുതിവെച്ചാണ് മടങ്ങിയത്
'അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് പൈസയും സ്വര്‍ണവും വെച്ചേക്കണം, ഞാന്‍ ഇനിയും കയറും'; പൊലീസ് നാടുമുഴുവന്‍ തേടുമ്പോള്‍ കള്ളന് സുഖതാമസം

കൊല്ലം​; ആളില്ലാത്ത വീട്ടില്‍ നിന്ന് 50 പവനും അരലക്ഷം രൂപയും കവര്‍ന്ന കുപ്രസിദ്ധ കള്ളന്‍ മൊട്ട ജോസിന് വേണ്ടി പൊലീസ് നാടു മുഴുവന്‍ പരക്കം പായുകയാണ്. എന്നാല്‍ പൊലീസ് അന്വേഷണം മുറക്ക് നടക്കുമ്പോള്‍  മറ്റൊരു വീട്ടില്‍ സുഖമായി കഴിയുകയായിരുന്നു കള്ളന്‍. ആള്‍താമസമില്ലാത്ത വീട്ടില്‍ ഉണ്ട് ഉറങ്ങിയ കള്ളന്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പും എഴുതിവെച്ചാണ് മടങ്ങിയത്. കൊല്ലം പരവൂരിലാണ് മൊട്ട ജോസ് വിളയാട്ടം നടത്തിയത്. 

ദയാബ്ജി ജംക്ഷന്‍ അനിതാഭവനില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്  വ്യാഴാഴ്ച സ്വര്‍ണവും പണവും കവര്‍ന്നതിന് ശേഷമാണ് രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു വീട്ടില്‍ സുഖ താമസത്തിന് എത്തിയത്. കല്ലുകുന്ന് അനുഗ്രഹയില്‍ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു താമസം. മോഷണത്തിന് തന്നെയാണ് ഇവിടെയും കയറിയത്. എന്നാല്‍ ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. ഇതിന്റെ നിരാശയിലാണ് ഇനി പോകുമ്പോള്‍ തനിക്കുള്ള സ്വര്‍ണവും പണവും വെച്ചിട്ടുപോകണമെന്നും താന്‍ ഇനിയും കയറുമെന്നും പറഞ്ഞുകൊണ്ട് മൊട്ട ജോസ് കത്ത് എഴുതിവെച്ചത്. 

' നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചിരിക്കണം. ഇല്ലെങ്കില്‍ ഇനിയും ഞാന്‍ കയറും. നിങ്ങള്‍ വീടു പൂട്ടിക്കൊണ്ടു പോ, ഗേറ്റ് പൂട്ടി പോ...എന്ന് കള്ളന്‍' എന്നാണ് കത്തില്‍ കുറിച്ചിരുന്നു. 

ഞായര്‍ അര്‍ധരാത്രിയോടെയാണു  ജോസ് കല്ലുംകുന്ന് പ്രദേശത്ത് ഉണ്ടെന്നു പൊലീസിനു വിവരം കിട്ടുന്നത്. പൊലീസ് വീടു വളഞ്ഞെങ്കിലും അയാള്‍  രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ  പലവഴിക്ക് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണു മൊട്ട ജോസ് ഇവിടെ കഴിഞ്ഞ കാഴ്ച കണ്ടത്. അലമാരകള്‍ കുത്തിപ്പൊളിച്ചു സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. അടുക്കളയില്‍ ആഹാരം പാകം ചെയ്തു കഴിച്ച ശേഷം പാത്രങ്ങള്‍ അങ്ങിങ്ങ് ഉപേക്ഷിച്ച നിലയിലാണ്.

പൊറോട്ടയും ഇറച്ചിയും മുന്തിരിയും വാങ്ങിക്കൊണ്ടുവന്നു കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടു. സോഫയില്‍ മലമൂത്ര വിസര്‍ജനം നടത്തി. അലമാരയില്‍നിന്നു മുണ്ടും ഷര്‍ട്ടും എടുത്തു ധരിച്ച ശേഷം അവ കഴുകി മുറിയില്‍ ഉണങ്ങാന്‍ വിരിച്ചിട്ടുണ്ട്. സമീപത്തെ വീട്ടില്‍നിന്നു മോഷണം പോയെന്നു സംശയിക്കുന്ന നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തുമ്പോഴും ജോസിനെ പ്രദേശത്തു കണ്ടതായി  നാട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com