അവാര്‍ഡ് തുക വൃക്കരോഗികള്‍ക്ക്; 'ഇനിയൊരു ജന്മം കൂടി', പാട്ടുപാടി സദസ്സിനെ കൈയിലെടുത്ത് രമ്യ ഹരിദാസ് 

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാട്ടുപാടിയും ജനങ്ങളെ കൈയിലെടുത്ത നേതാവാണ് രമ്യ ഹരിദാസ്
അവാര്‍ഡ് തുക വൃക്കരോഗികള്‍ക്ക്; 'ഇനിയൊരു ജന്മം കൂടി', പാട്ടുപാടി സദസ്സിനെ കൈയിലെടുത്ത് രമ്യ ഹരിദാസ് 

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാട്ടുപാടിയും ജനങ്ങളെ കൈയിലെടുത്ത നേതാവാണ് രമ്യ ഹരിദാസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സി മോഹനചന്ദ്രന്റെ സ്മരണാര്‍ത്ഥം നല്‍കിയ സമ്മോഹനം പുരസ്‌കാരം ഗാന്ധിഭവനില്‍ ഏറ്റുവാങ്ങിയ ശേഷം സദസ്യരുടെ നിര്‍ബന്ധത്തിന് വഴങ്ങി രമ്യ ഹരിദാസ് പാടി. 'ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി' വയലാറിന്റെ പ്രശസ്തമായ ഗാനം പാടി മുഴുവിക്കും മുന്‍പേ സദസില്‍ നിന്നു നിറഞ്ഞ കൈയടിയാണ് രമ്യയെ തേടിയെത്തിയത്.  പാട്ടിനൊപ്പം താളം പിടിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും എം എം ഹസനും രമ്യയെ അനുമോദിച്ചു. 

പാടാന്‍ ബുദ്ധിമുട്ടാണെന്നും തൊണ്ടയ്ക്ക് സുഖമില്ലെന്നും പറഞ്ഞെങ്കിലും രമ്യയെ സദസിലിരുന്നവര്‍ വിട്ടില്ല. പിന്നെ എല്ലാം മറന്ന് രമ്യ പാടുകയായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള തനിക്ക് പീഡിതരുടെയും സ്ത്രീകളുടെയും മുഖം എന്നും ഓര്‍മ്മയുണ്ടാകുമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി രമ്യ പറഞ്ഞു. 

തെറ്റുകള്‍ വന്നേക്കാം, പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ പാര്‍ട്ടിയും സമൂഹവും ഉണ്ടാകുമെന്ന വിശ്വാസമാണ് തന്റെ ബലമെന്നും അവര്‍ പറഞ്ഞു. അവാര്‍ഡിനൊപ്പം തനിക്ക് കിട്ടിയ 25000 രൂപ ആലത്തൂരിലെ വൃക്കരോഗികള്‍ക്ക് സഹായമായി നല്‍കുമെന്ന് രമ്യ പറഞ്ഞു.പാട്ടുംപാടി വിജയിക്കുക എന്നത് കോട്ടയത്തുള്ള ഒരു പ്രയോഗമാണെന്നും അക്ഷരാര്‍ത്ഥത്തില്‍ പാട്ടുംപാടി വിജയിച്ചയാളാണ് രമ്യയെന്നും അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com