എസ്ഡിപിഐയുമായി ബന്ധം കോടിയേരിക്ക്; ചാവക്കാട് കൊലപാതകത്തില്‍ പ്രതികരണവുമായി മുല്ലപ്പളളി 

വക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകത്തില്‍ കെഎസ്‌യുവിന്റെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍
എസ്ഡിപിഐയുമായി ബന്ധം കോടിയേരിക്ക്; ചാവക്കാട് കൊലപാതകത്തില്‍ പ്രതികരണവുമായി മുല്ലപ്പളളി 

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകത്തില്‍ കെഎസ്‌യുവിന്റെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. എസ്ഡിപിഐയുമായി ബന്ധം ഉളളത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും മുല്ലപ്പളളി മറുപടി നല്‍കി.

നേതാക്കള്‍ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്നാണ് മുല്ലപ്പളളി രാമചന്ദ്രനോട് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആവശ്യപ്പെട്ടത്. കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാന്‍ മുല്ലപ്പള്ളി തയ്യാറാവണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണെന്നും വളരെ ശക്തമായി  പ്രതിഷേധിക്കണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹാരിസ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മുല്ലപ്പളളിയുടെ പ്രതികരണം.

എസ്ഡിപിഐയെ തുറന്ന് എതിര്‍ക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അവരുടെ രാഷ്ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. കോണ്‍ഗ്രസില്‍ എസ്ഡിപിഐ അനുകൂലിക്കുന്നവരും ആര്‍എസ്എസിനെ അനുകൂലിക്കുന്നവരും ഉണ്ട്. അതുകൊണ്ടാണ് ചാവക്കാട് സ്വന്തം പ്രവര്‍ത്തകനായ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയുടെ പങ്ക് ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാതിരുന്നതെന്നും കോടിയേരി ആരോപിച്ചു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐയുമായി ബന്ധം ഉളളത് കോടിയേരി ബാലകൃഷ്ണനെന്ന് മുല്ലപ്പളളി മറുപടി നല്‍കിയത്.

കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്. നൗഷാദും കൂട്ടുകാരും പുന്നയില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കും വെട്ടേറ്റു. ഇവര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗുരുതരമായി പരുക്കേറ്റ നൗഷാദ്

ചികില്‍സയിലിരിക്കെ ഇന്നു രാവിലെ ഒന്‍പതരയോടെയാണ് നൗഷാദ് മരിച്ചത്. ആസൂത്രിതമായ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com