അപകടസ്ഥലത്ത് ആദ്യമെത്തിയത് പ്രകാശന്‍തമ്പി, എവിടെയെത്തി എന്ന് ചോദിച്ച് ഫോണ്‍കോളുകള്‍; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൂരൂഹതയേറുന്നു

കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു
അപകടസ്ഥലത്ത് ആദ്യമെത്തിയത് പ്രകാശന്‍തമ്പി, എവിടെയെത്തി എന്ന് ചോദിച്ച് ഫോണ്‍കോളുകള്‍; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൂരൂഹതയേറുന്നു



കൊച്ചി; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ശക്തിപ്പെടുന്നത്. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും അതുകൂടി അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി രംഗത്തെത്തി. അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. എന്നാല്‍ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നുമായിരുന്നു എന്നുമാണ് ഭാര്യ ലക്ഷ്മി പറയുന്നത്. 

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. പ്രകാശന്‍തമ്പിയെ ഏഴെട്ടുവര്‍ഷംമുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ െവച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണ്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com