ഇത്രയൊക്കെയേ പറ്റൂ, ഇനി പഠിക്കാനൊന്നുമില്ലെന്നു മകന്‍ പറഞ്ഞു;  മാതൃകയാക്കാം ഋഷിരാജ് സിങ്ങിനെ 

പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ സ്വന്തം മകന്റെ ജീവിതമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി പറഞ്ഞത്
ഇത്രയൊക്കെയേ പറ്റൂ, ഇനി പഠിക്കാനൊന്നുമില്ലെന്നു മകന്‍ പറഞ്ഞു;  മാതൃകയാക്കാം ഋഷിരാജ് സിങ്ങിനെ 

ഭൂരിഭാഗം അച്ഛനും അമ്മയും അവരുടെ സ്വപ്‌നങ്ങള്‍ക്ക് അനുസരിച്ചാകും കുട്ടികളെ വളര്‍ത്തുക. പലപ്പോഴും സ്വന്തം ഇഷ്ടങ്ങള്‍ മറന്ന് മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കുട്ടികള്‍ വിധിക്കപ്പെടും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ആത്മഹത്യ ചെയ്യുകയും വീടു വിട്ട് ഓടിപ്പോകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറയുന്നത്. കുട്ടികളെ അവരുടെ സ്വപ്‌നം ജീവിക്കാന്‍ വിടണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ സ്വന്തം മകന്റെ ജീവിതമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി പറഞ്ഞത്. അമൃത ടിവിയിലെ ആനീസ് കിച്ചനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഋഷിരാജ് സിങ്ങിന്റെ പ്രതികരണം. 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; 

എന്റെ മകന് പഠിക്കാന്‍ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. ഒരിക്കലും 59 ശതമാനത്തിന് മുകളില്‍ അവന് മാര്‍ക്കുണ്ടായിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഇത് എന്താണ് ഇങ്ങനെയെന്ന്.  എനിക്ക് ഇത്രയും പഠിക്കാന്‍ പറ്റുകയൊള്ളൂ എന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യെുന്നത്. പ്ലസ് ടുവിന് 62 ശതമാനമായിരുന്നു മാര്‍ക്ക്. 62 ശതമാനം മാര്‍ക്ക് കിട്ടിയിട്ട് ഒരുകാര്യവുമില്ല എന്ന് നമുക്ക് അറിയാമല്ലോ. 

ഇനി എന്താ പരിപാടി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇനി എനിക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മകന്‍ പറഞ്ഞു. പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചു. ഒരു അനിമേഷന്‍ ഡിപ്ലോമ കോഴ്‌സിന് ചേരണമെന്നും അതു കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം എന്നും പറഞ്ഞു. അനിമേഷന്‍ സിനിമകളോട് അയാള്‍ക്ക് വലിയ താല്‍പ്പര്യമായിരുന്നു. വിദ്യാഭ്യാസ ലോണ്‍ എടുത്ത് ഡിപ്ലോമ പഠിപ്പിച്ചു. 2010 ല്‍ ഇയാള്‍ തിരിച്ചുവന്നു. അപ്പോള്‍ ഞാന്‍ ബോംബെയില്‍ ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ സ്റ്റുഡിയോയില്‍ കയറി. ഇവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. അയാള്‍ എന്താണ് ചെയ്യുന്നത് എന്നുപോലും എനിക്ക് അറിയില്ല. 

പിന്നീട് ബാംഗ്ലൂരിലേക്ക് വന്നു. അവിടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഒരു സ്റ്റുഡിയോ ഉണ്ട്. അവിടെ പരീക്ഷ എഴുതിയാണ് കയറിയത്. ഇയാളുടെ വര്‍ക്ക് കണ്ട് അയാളെ ലണ്ടനിലേക്ക് അയച്ചു. ഇവിടെനിന്ന് പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോള്‍ ചൈനയില്‍ ഒരു സ്റ്റുഡിയോയിലാണ്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണ് ഇയാള്‍ക്കുള്ളത്. ഞാന്‍ ഒരു ഐപിഎസ് കാരനാണെന്ന് പറഞ്ഞ് മകനെ നിര്‍ബന്ധിച്ച് പഠിപ്പിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. ചിലപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങുപ്പോവുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുമായിരുന്നു. നമ്മുടെ മക്കള്‍ നമ്മുടെ അടുത്തുണ്ടല്ലോ. അവരുടെ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ആയിക്കോളും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com