കാട്ടാക്കടയുടെ 'വാട്ടര്‍മാന്‍ എംഎല്‍എ': ഒരു നാട് വരള്‍ച്ചയെ തോല്‍പ്പിക്കുന്ന വിധം; ഐബി സതീഷിന് ജനീവ ഉച്ചകോടിയില്‍ പ്രശംസ

കാട്ടാക്കട മണ്ഡലത്തിന് ഒരു 'വാട്ടര്‍ മാന്‍' എംഎല്‍എയുണ്ട്, ഐ ബി സതീഷ്. എംഎല്‍എയും നാട്ടുകാരും കൂടി അരയും തലയും മുറുക്കിയിറങ്ങിയപ്പോള്‍ വഴിമാറിയത് കുടിവെള്ളമില്ലാത്ത കെട്ട കാലത്തിന്റെ തിക്താനുഭവങ്ങള്‍
കാട്ടാക്കടയുടെ 'വാട്ടര്‍മാന്‍ എംഎല്‍എ': ഒരു നാട് വരള്‍ച്ചയെ തോല്‍പ്പിക്കുന്ന വിധം; ഐബി സതീഷിന് ജനീവ ഉച്ചകോടിയില്‍ പ്രശംസ

കാട്ടാക്കട മണ്ഡലത്തിന് ഒരു 'വാട്ടര്‍ മാന്‍' എംഎല്‍എയുണ്ട്, ഐ ബി സതീഷ്. എംഎല്‍എയും നാട്ടുകാരും കൂടി അരയും തലയും മുറുക്കിയിറങ്ങിയപ്പോള്‍ വഴിമാറിയത് കുടിവെള്ളമില്ലാത്ത കെട്ട കാലത്തിന്റെ തിക്താനുഭവങ്ങള്‍. കരമനയാറിനും നെയ്യാറിനുമിടയിലുമായിട്ടാണ് കാട്ടാക്കടയുടെ കിടപ്പ്, എന്നിട്ടും കൊടും വരള്‍ച്ചയെ നേരിടേണ്ടിവന്ന ഈ ഭൂമിക ഇപ്പോള്‍ പഴയ ജലസമൃദ്ധിയിലേക്ക് തിരിച്ചു നടക്കുകയാണ്.

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പാക്കിയ 'വറ്റാത്ത ഉറവയ്ക്ക് ജലസമൃദ്ധി' പദ്ധതിയുടെ ചരിത്ര വിജയം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് അന്താരാഷ്ട്ര ഉച്ചകോടികളുടെ ചര്‍ച്ചാ വേദികളിലാണ്. ഒരു നാട് അതിന്റെ വറ്റിപ്പോയ ജലസമൃദ്ധി വീണ്ടെടുത്ത അതിജീവന കഥ, ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെട്ട ഡച്ച് പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ഐബി സതീഷും കൂട്ടരും നമുക്ക് മുന്നിലൊരു പുതിയ മാതൃക വയ്ക്കുകയാണ്. ഡച്ച് റിസ്‌ക് റിഡക്ഷന്‍ ടീം വിദഗ്ധന്‍ പോള്‍ വാന്‍ വീലാണ് പ്രബന്ധം അവതരിപ്പിച്ചത്. കാട്ടക്കട സന്ദര്‍ശിച്ച് സമഗ്ര പഠനം നടത്തിയ ശേഷമാണ് അദ്ദേഹം പ്രബന്ധം തയ്യാറാക്കിയത്.

താന്‍ കണ്ടിട്ടുള്ള സംയോജിത നീര്‍ത്തട പരിപാലനത്തിന്റെ മികച്ച മാതൃകയായിട്ടാണ് കാട്ടാക്കടയില്‍ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയെ ലോകത്തിനു മുന്‍പില്‍ പോള്‍ അവതരിപ്പിച്ചത്.ഇത് ആദ്യമായല്ല കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചകളുയരുന്നത്. കാട്ടക്കട എംഎല്‍എയും ജലസമൃദ്ധിയും പ്രളയങ്ങളുടെ നാടായ നെതര്‍ലാന്‍ഡില്‍ ഏറെ പ്രസിദ്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോഴും അന്നാട്ടുകാര്‍ക്ക് അറിയേണ്ട പ്രധാന കാര്യങ്ങളിലൊന്ന് ജലസമൃദ്ധിയെക്കുറിച്ചായിരുന്നു.

മണ്ഡലത്തിലൂടെ ഒഴുകുന്ന തോടുകള്‍ സംയോജിപ്പിച്ചും കുളങ്ങള്‍ വീണ്ടെടുത്തും കിണറുകള്‍ റീചാര്‍ജ് ചെയ്തും വറ്റിവരണ്ട പാടങ്ങലിലേക്ക് വെള്ളമെത്തിച്ചും സതീഷും കൂട്ടരും ജലസമൃദ്ധി പദ്ധതിയുമായി മുന്നേറുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരന്നുന്നു കടുവാക്കുഴി-കൊല്ലോട-കല്ലൂവരമ്പ് തോടിന്റെ പുനരുജ്ജീവനവും 53 ചെറു തടയണകളുടെ നിര്‍മാണവും. പള്ളിച്ചല്‍ പഞ്ചായത്തിലെ കങ്ങരക്കോണത്ത് ക്വാറിയില്‍നിന്ന് പൈപ്പ് വഴി വെള്ളം ടാങ്കിലെത്തിച്ച് ചുറ്റുപാടുമുള്ള 15 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കി.പുന്നാവൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ മഴവെള്ളം ഭൂമിക്കടിയിലെ ടാങ്കിലേക്ക് ഒഴുക്കി കിണറ്റിലെ ജലനിരപ്പ് സംരക്ഷിക്കുന്ന പദ്ധതിയും ചെങ്കല്‍ പഞ്ചായത്തിലെ 24 ഏക്കര്‍ വിസ്തീര്‍ണമുള്ള വലിയ കുളവും ഈ കുളത്തിനു ചുറ്റുമുള്ള ആറു ചെറു കുളങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയും ശ്രദ്ധേയമാക്കുന്നു.

ജലസംരക്ഷണം മാത്രമല്ല, എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഒരുകാലത്ത് കണ്ണെത്താദൂരം പടര്‍ന്നുകിടന്ന വയലുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു കാട്ടാക്കട. ഭൂരിഭാഗവും ഇപ്പോള്‍ ഇല്ലാതായി. ഏലകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമവും എംഎല്‍എയുടെ നേതൃത്വത്തില്‍ സജീവമായി നടക്കുന്നുണ്ട്. കുളങ്ങളിലും തോടുകളിലും വെള്ളം വറ്റാതായതോടെ കൃഷിയും തിരിച്ചു വന്നു.

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ പായിത്തല കുളം നവീകരിച്ച്, നെയ്യാറില്‍ നിന്ന് ജലം എത്തിച്ച് 20 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ച പദ്ധതിയായിരുന്നു അതിലൊന്ന്. 93 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിന് ലഭിച്ചു. അവിടംകൊണ്ടും തീരുന്നില്ല, ജല,ജൈവ സമൃദ്ധി പദ്ധതികളിലൂടെ ടൂറിസം മേഖലയ്ക്കും ഉണര്‍വ് വരുത്താനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ സഹായത്തോടെ ഒരുക്കുന്ന ജൈവ വൈവിദ്ധ്യ പാര്‍ക്ക് ആരംഭിക്കാനും പദ്ധതിയുണ്ട്.

ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് ഐ ബി സതീഷ് തന്നെ വിവരിക്കുന്നത് ഇങ്ങനെ: 

കാട്ടാക്കട മണ്ഡലം രണ്ടു നദികള്‍ക്ക് കരയിലാണ്. പക്ഷേ ആറു പഞ്ചായത്തുകള്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അനുഭവച്ചിരുന്ന പ്രദേശങ്ങളാണ്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ കുടിവെള്ള ക്ഷാമം പരിഹരിക്കും എന്നായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്യാമെന്ന നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയിലേക്ക് കടക്കുന്നത്.

ഭൂഗര്‍ഭജലത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിക്കുള്ളുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കിണറുകളും കുളങ്ങളും വറ്റിവരണ്ടു കിടക്കുകയായിരുന്നു. 122 വാര്‍ഡുകളിലെയും മെമ്പര്‍മാരെ വിളിച്ചുവരുത്തി വിഷയം അവതരിപ്പിച്ചു. അന്ന് ഞങ്ങള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം 'ഒഴുകുന്ന വെള്ളത്തെ നടത്തിക്കുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ കിടത്തുക, കിടക്കുന്ന വെള്ളത്തെ ഉറക്കുക' എന്നതായിരുന്നു. ലളിതമായി പറഞ്ഞാല്‍ വെള്ളത്തെ തടഞ്ഞുനിര്‍ത്തി ഭൂമിക്കടയില്‍ എത്തിക്കുക!

മണ്ഡലത്തില്‍ എത്ര കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ ഉണ്ടെന്ന് കണക്കെടുത്തു. കുടുംബശ്രീയും വിദ്യാര്‍ത്ഥികളും എല്ലാം ചേര്‍ന്നാണ് അത് തയ്യാറാക്കിയത്. സ്‌കൂളുകളില്‍ വാട്ടര്‍ ക്ലബുകള്‍ ആരംഭിച്ചു. അവരുടെ നേതൃത്വത്തില്‍ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റുകള്‍ നടത്തി. ഇപ്പോള്‍ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും വാട്ടര്‍ ക്വാളിറ്റി ലാബുകളുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് ജലമിത്രം വോളന്റിയര്‍മാരെ തെരഞ്ഞെടുത്തു. 

എല്ലാ കിണറുകളും റീചാര്‍ജ് ചെയ്തു. അതായത് കിണറുകള്‍ക്ക് സമീപം ചെറിയ കുഴികള്‍ കുഴിച്ച് കെട്ടിടത്തിനും മറ്റും മുകളില്‍ വീഴുന്ന വെള്ളം പൈപ്പ് വഴി ഒഴുക്കി ഈ കുഴികളിലെത്തിക്കും. അത് ഭൂമിയില്‍ താഴ്ന്ന് കിണറില്‍ വെള്ളം വര്‍ദ്ധിക്കും. ഇത് എല്ലാ സ്‌കൂളുകളിലും 
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പാക്കി. ഇനി എല്ലാം അംഗനവാടികളിലും നടപ്പാക്കാന്‍ പോകുകയാണ്. 

ക്വാറികളില്‍ നിന്നും വെള്ളം കൊണ്ടുവന്ന് കിണറുകള്‍ക്ക് സമീപമുള്ള കുഴികളിലും കുളങ്ങളിലും ചാര്‍ജ് ചെയ്തു. ഇതിന് ചിലവായത് വെറും ആറായിരം രൂപയാണ്. ആമച്ചല്‍ ഏല കൃഷിയോഗ്യമാക്കാന്‍ നെയ്യാറില്‍ നിന്നാണ്  വെള്ളം എത്തിക്കുന്നത്. 

'ലക്ഷം വൃക്ഷം ലക്ഷ്യം' എന്നപേരില്‍ മരങ്ങള്‍ നട്ടുപിടിക്കുന്ന പദ്ധതിയുണ്ടാക്കി. വിത്തുകള്‍ കുടുംബ ശ്രീ വഴി ശേഖരിച്ച് തൊഴിലുറപ്പ് നഴ്‌സറികളില്‍ തൈകളാക്കി മാറ്റി വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്. 

കാട്ടാക്കട പഞ്ചായത്തിലെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന കുളത്തുമ്മല്‍ തോട് നവീകരിക്കാനുള്ള പദ്ധതിയാണ് പുതിയത്. പതിമൂന്ന് കിലോമീറ്ററണ് തോടുള്ളത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമമാണ്. ജലസമൃദ്ധി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ബജറ്റില്‍ ഒരുകൂടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇത് തോട് നവീകരണത്തിന് വേണ്ടി ചിലവാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടി എല്ലാ സര്‍ക്കാര്‍ മിഷണിറികളെയും ഒരുമിച്ച് നിര്‍ത്തി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശം. അതിനായി ആദ്യം ചെയ്തത് സര്‍വ്വകക്ഷി യോഗം വിളിച്ച്, തോട്ടില്‍ വേയ്‌സ്റ്റ് തട്ടുന്നത് തടയാന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കുക എന്നതാണ്. എല്ലാ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാലിന്യം ഒഴുക്കരുത് എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com