അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചതാര് ?; മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ പൊലീസ്

അപകടസമയത്തെ ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്തസാമ്പിളുകള്‍ കണ്ടെത്താനായിരുന്നില്ല
അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചതാര് ?; മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരം : പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത വര്‍ധിച്ച സാഹചര്യത്തില്‍ അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ അര്‍ജുനാണ് ഡ്രൈവ് ചെയ്തിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. 

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇരുവരുടെയും പരസ്പരവിരുദ്ധമായ മൊഴി പൊലീസിനെ ഏറെ കുഴക്കിയിരുന്നു. അപകടസമയത്തെ ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്തസാമ്പിളുകള്‍ കണ്ടെത്താനായിരുന്നില്ല. 

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി രംഗത്തുവന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിയും നല്‍കി. ഇതോടെ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് മുടിനാരുകള്‍ വഴി കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും അറസ്റ്റിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അപകടം നടന്ന് ആശുപത്രിയിലായശേഷവും. ബാലഭാസ്‌കറിന്റെ മരണശേഷവും എല്ലാകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേയും മറ്റുമുള്ള കാര്യങ്ങളെല്ലാം പറഞ്ഞിരുന്നത് മറ്റൊരു സ്്തരീയോടായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 

2018 സെപ്തംബര്‍ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ്  ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാലബാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അതിനിടെ പാലക്കാട്ട് ഒരാശുപത്രി ഉടമയ്ക്ക് ഒരു കോടിയോളം രൂപ ബാലഭാസ്‌കര്‍ നല്‍കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അച്ഛന്‍ കെ സി ഉണ്ണി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി നിര്‍മാണത്തിന് ബാലഭാസ്‌കര്‍ പണം നിക്ഷേപിച്ചത് തെളിയിക്കുന്ന ചില പരാതികള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ആവശ്യമുന്നയിച്ചത്. ആശുപത്രിക്കെട്ടിടം നിര്‍മിച്ച കരാറുകാരന്‍ പാലക്കാട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ബാലഭാസ്‌കര്‍ പണം നിക്ഷേപിക്കുകയും ആശുപത്രിനിര്‍മാണം നോക്കാനെത്തുകയും ചെയ്തുവെന്ന് പറഞ്ഞിട്ടുള്ളത്.

ബാലഭാസ്‌കറിന്റെ മരണശേഷം കരാറുകാരന് ആശുപത്രിയുടമ ബാക്കി തുക നല്‍കിയില്ല. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരേ പരാതി നല്‍കിയത്. ബാലഭാസ്‌കറിന്റെ പണം ബന്ധുക്കള്‍ക്ക് തിരികെ നല്‍കേണ്ടതിനാലാണ് ബാക്കി തുക വൈകുന്നതെന്നാണ് ആശുപത്രിയുടമ കരാറുകാരനോട് പറഞ്ഞത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും പരാതിയില്‍ പറയുന്നു.

ഈ സംഘവുമായി ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഈ പരാതി ഉന്നയിച്ചതിന് ആശുപത്രിയുടമ ബാലഭാസ്‌കറിന്റെ അച്ഛനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. എട്ടുലക്ഷം രൂപയാണ് വാങ്ങിയതെന്നും ഇത് തിരികെനല്‍കി എന്നുമാണ് ഇവരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com