തന്നെ അധികാരമോഹിയെന്ന് വിളിക്കുന്നവര്‍ ഇക്കാര്യം കൂടി അറിയണം; കെ സുധാകരനെതിരെ പരസ്യപ്രതികരണവുമായി അബ്ദുള്ളക്കുട്ടി

തന്നെ അധികാര മോഹിയെന്നു വിളിക്കുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്ന് അബ്ദുള്ളക്കുട്ടി
തന്നെ അധികാരമോഹിയെന്ന് വിളിക്കുന്നവര്‍ ഇക്കാര്യം കൂടി അറിയണം; കെ സുധാകരനെതിരെ പരസ്യപ്രതികരണവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സീറ്റ്‌ മോഹിച്ചല്ല സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയതെന്ന് എപി അബ്ദുള്ളക്കുട്ടി.  തന്റെ സീറ്റില്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെ സുധാകരന്‍, ഒഴിവുവന്ന കണ്ണൂര്‍ നിയമസഭാ സീറ്റ് തനിക്കു ലഭിക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സുധാകരന്‍ രാജിവച്ച ഒഴിവില്‍ കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പു വന്നപ്പോള്‍, വിശ്വസ്തനായ കെ സുരേന്ദ്രനു സീറ്റ് നല്‍കാനായിരുന്നു സുധാകരനു താല്‍പര്യം. ഇക്കാര്യം തന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡും സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിച്ചതിന്റെ ഫലമായി സീറ്റ് എനിക്കുതന്നെ ലഭിക്കുകയായിരുന്നെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

2011ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം സിപിഎം കോട്ടകളായ പയ്യന്നൂരോ, തളിപ്പറമ്പിലോ മല്‍സരിക്കാനുമായിരുന്നു സുരേന്ദ്രന്റെ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ സിറ്റിങ് എംഎല്‍എമാരും മല്‍സരിക്കട്ടെയെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അത്തവണയും കണ്ണൂര്‍ സീറ്റ് തനിക്കു ലഭിച്ചു. ഇതിന്റെ പേരില്‍ സുധാകരനു തന്നോടു ദേഷ്യമുണ്ടായിരുന്നു. 2016ല്‍ മണ്ഡലം മാറി മല്‍സരിക്കേണ്ടിവന്ന കോണ്‍ഗ്രസിലെ ഏക സിറ്റിങ് എംഎല്‍എ ഞാനാണ്. സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു തലശേരിക്കു മാറിയതു സുധാകരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

സുധാകരനു വേണ്ടി കണ്ണൂര്‍ സീറ്റില്‍നിന്നു മാറണമെന്നു പയ്യാമ്പലം ഗെസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സുധാകരന്‍, സണ്ണി ജോസഫ്, കെ സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാറാന്‍ തയാറാണെന്നും എന്നാല്‍ തന്നെ മാറ്റിയാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരും ജയിക്കില്ലെന്നും അന്നേ പറഞ്ഞിരുന്നു. ഇതു മനസിലാക്കി സുധാകരന്‍ ഉദുമയില്‍ മല്‍സരിച്ചു. പകരം സതീശന്‍ പാച്ചേനിക്കു സീറ്റു കൊടുത്തു. അങ്ങനെ  2016ല്‍ കണ്ണൂര്‍ സീറ്റ് കൈവിട്ടുപോയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് എംപിമാരും 8 എംഎല്‍എമാരും സിപിഎമ്മിന്റേതായിരുന്ന കാലത്താണ് കണ്ണൂരിലെ കോണ്‍ഗ്രസിലേക്കു താന്‍ വന്നത്. ഇതിനെ അധികാരമോഹമെന്നു വിളിക്കുന്നതു തമാശയാണ്. തന്നെ അധികാര മോഹിയെന്നു വിളിക്കുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com