രണ്ടുവനിതകളെ കുറുക്കുവഴികളിലൂടെ സന്നിധാനത്തെത്തിക്കാനുളള ശ്രമം വിശ്വാസികളില്‍ തെറ്റിദ്ധാരണ വളര്‍ത്തി: വിമര്‍ശനവുമായി സിപിഎം സഖ്യകക്ഷി 

രണ്ടുവനിതകളെ കുറുക്കുവഴികളിലൂടെ സന്നിധാനത്തെത്തിക്കാനുളള ശ്രമം വിശ്വാസികളില്‍ തെറ്റിദ്ധാരണ വളര്‍ത്തി: വിമര്‍ശനവുമായി സിപിഎം സഖ്യകക്ഷി 

എല്‍ഡിഎഫിന് ലഭിച്ചുവന്ന ഭൂരിപക്ഷ സമുദായ വോട്ടിലുണ്ടായ വന്‍ ചോര്‍ച്ച പരിശോധിച്ച് പ്രായോഗിക തിരുത്തലുകള്‍ക്ക് ഇടതുമുന്നണി തയ്യാറാവണമെന്ന് ലോക് താന്ത്രിക് ജനതാദള്‍

കോഴിക്കോട്: പരമ്പരാഗതമായി എല്‍ഡിഎഫിന് ലഭിച്ചുവന്ന ഭൂരിപക്ഷ സമുദായ വോട്ടിലുണ്ടായ വന്‍ ചോര്‍ച്ച പരിശോധിച്ച് പ്രായോഗിക തിരുത്തലുകള്‍ക്ക് ഇടതുമുന്നണി തയ്യാറാവണമെന്ന് ലോക് താന്ത്രിക് ജനതാദള്‍. ശബരിമല വിഷയത്തില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് കോടതിവിധി നടപ്പാക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ വനിതാ മതിലിന് ശേഷം, രണ്ടുവനിതകളെ കുറുക്കുവഴികളിലൂടെ സന്നിധാനത്തെത്തിക്കാന്‍ പൊലീസ് നടത്തിയ ശ്രമം വിശ്വാസികളില്‍ തെറ്റിദ്ധാരണ വളര്‍ത്തിയെന്ന് എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസിന്റെ ഈ ഇടപെടല്‍ സ്ത്രീവോട്ടുകളില്‍ പ്രതിഫലിച്ചു. ഇത്തരം വിഷയം സൂക്ഷ്മതയോടെ വിലയിരുത്തി പ്രായോഗിക തിരുത്തലുകള്‍ക്ക് എല്‍ഡിഎഫ് തയ്യാറാവണം. വടകര ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു. എല്‍ഡിഎഫിന്റെ പരാജയത്തിന് ഇതും കാരണമായി. വടകരയില്‍ ബിജെപിക്ക് ലഭിക്കുമെന്ന് കരുതിയതിന്റെ പകുതി വോട്ട് മാത്രമേ ലഭിച്ചുളളൂ.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് എല്‍ഡിഎഫ് നേരിട്ടത്. മുന്‍പൊരിക്കലും ഇല്ലാത്തവിധം മുന്നണികളുടെ വോട്ടുവ്യത്യാസം 15.36 ശതമാനമായി. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്ന വിലയിരുത്തല്‍ ശരിയല്ല. ജയിച്ചാല്‍ അതിന്റെ നേട്ടം മുന്നണിക്കും തോറ്റാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എന്ന സമീപനത്തോട് യോജിപ്പില്ല. മുഖ്യമന്ത്രിയുടെ ഇതേശൈലിവെച്ചാണ് 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത്. പിന്നീട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചുവെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com