സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ ഇറക്കും?; മത്സരിക്കാനില്ലെന്ന തീരുമാനം വ്യക്തിപരമെന്ന് പിഎസ് ശ്രീധരന്‍പിള്ള

മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായം - സുരേന്ദ്രന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള
സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ ഇറക്കും?; മത്സരിക്കാനില്ലെന്ന തീരുമാനം വ്യക്തിപരമെന്ന് പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയില്‍ തീരുമാനമായില്ല. സുരേന്ദ്രന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

തെരഞ്ഞടുപ്പില്‍ ശബരിമലയാണ് പ്രധാനവിഷയമായത്. തോല്‍വി ഉള്‍ക്കൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലവിഷയത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. 

ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചത് മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം.  വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണു മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com