ഐഎസ് കേരള തലവന്‍ റാഷിദ് അബ്ദുല്ല വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd June 2019 10:11 AM |
Last Updated: 03rd June 2019 10:11 AM | A+A A- |
കാസര്‍കോട്: കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് തലവനും കാസര്‍കോട് സ്വദേശിയുമായ റാഷിദ് അബ്ദുല്ല മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം സുരക്ഷാ സേന ഇയാളുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.
ഐഎസിന്റെ ടെലഗ്രാം ആപ് വഴി വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളിലാണ് റാഷിദ് അബ്ദുല്ല മരിച്ചതായി സന്ദേശമുള്ളത്. ഈ സന്ദേശത്തിലാണ് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ഇയാളെ കൂടാതെ ഇന്ത്യക്കാരായ മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും സന്ദേശത്തില്‍ പറയുന്നുണ്ട്.
കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 2016 മെയ്, ജൂണ്‍ കാലത്ത് ഇയാള്‍ 21ഓളം പേരെ ഇത്തരത്തില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു.
നേരത്തേ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ രണ്ട് മാസമായി വരുന്നില്ല.