നിപ : പരിശോധനാഫലം ഉച്ചയോടെ ലഭിക്കും ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2019 08:07 AM |
Last Updated: 03rd June 2019 08:14 AM | A+A A- |
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ഉച്ചയോടെ ഫലം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്.
വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. അതിനിടെ എറണാകുളത്ത് നിപ രോഗബാധ സ്ഥിരീകരിച്ചു എന്ന പ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.
നിപ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പനിബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗിക്ക് നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അദികതര്‍ വ്യക്തമാക്കി. തൃശൂരില്‍ തൊഴിലധിഷ്ഠിത പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെ പനി ബാധിച്ച പറവൂര്‍ സ്വദേശിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.