200 രൂപയെച്ചൊല്ലി തര്‍ക്കം: സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഒരു വീട്ടില്‍ മരണനാന്തര ചടങ്ങിനു ശേഷം സെല്‍വരാജ് വരുന്നതിനിടെ അരുള്‍ ഗാന്ധിയെ കാണുകയും കടമായി നല്‍കിയ 200 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സെല്‍വരാജ്, അരുള്‍ഗാന്ധി
സെല്‍വരാജ്, അരുള്‍ഗാന്ധി

കോട്ടയം: 200 രൂപയെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉടുമ്പന്‍ചോല വിശ്വനാഥന്‍ കോളനിയില്‍ സെല്‍വരാജ് (60) ആണ് മധുര രാജാജി മെഡിക്കല്‍ കോളജില്‍ മരിച്ചത്. സെല്‍വരാജിനെ ആക്രമിച്ച പൂക്കലാര്‍ സ്വദേശി അരുള്‍ ഗാന്ധിയെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. അരുള്‍ ഗാന്ധിയുടെ മകനും ആക്രമണത്തില്‍ പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുകയാണ്. 

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഉടുമ്പന്‍ചോല പൂക്കലാറിലെ ഒരു വീട്ടില്‍ മരണനാന്തര ചടങ്ങിനു ശേഷം സെല്‍വരാജ് വരുന്നതിനിടെ അരുള്‍ ഗാന്ധിയെ കാണുകയും കടമായി നല്‍കിയ 200 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു അരുള്‍ഗാന്ധി. ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് ഏറ്റുമുട്ടലിലെത്തുകയും ചെയ്തു. അരുള്‍ ഗാന്ധിയുടെ മകനും സെല്‍വരാജിനെ മര്‍ദിച്ചിരുന്നു. 

നാട്ടുകാരും, പൊലീസും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് തലയ്ക്കു ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സെല്‍വരാജിനെ മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഉടുമ്പന്‍ചോലയ്ക്ക് സമീപം പൂക്കലാറില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന അരുള്‍ഗാന്ധിയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മധുര മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സെല്‍വരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംസ്‌കാരം നടത്തി. ഭാര്യ മുത്തുലക്ഷ്മി. മക്കള്‍. മുരുകേശ്വരി, മീന, മണികണ്ഠന്‍. 

ഇതിനിടെ സെല്‍വരാജിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യാപക അക്രമമുണ്ടായിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ഓഫിസും യുഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള മില്‍മ സൊസൈറ്റിയും അടിച്ചു തകര്‍ത്തു. 

കല്ലേറില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തില്‍, ഡിസിസി അംഗങ്ങളായ സി.സി.വിജയന്‍, പി.ഡി.ജോര്‍ജ്, മകന്‍ ടിബിന്‍ ജോര്‍ജ് എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബെന്നി തുണ്ടത്തിലിനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ രാജാക്കാട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം സെല്‍വരാജിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com