'കെവിനെ മുക്കിക്കൊന്നു' ; മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നു ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി

അപകടം നടന്ന തെന്മലയില്‍ ആരെങ്കിലും അബദ്ധത്തില്‍ താഴെ വീഴാന്‍ പറ്റിയ സാഹചര്യമല്ല ഉള്ളതെന്ന് സ്ഥലം സന്ദര്‍ശിച്ച ഡോക്ടര്‍ ശശികല കോടതിയില്‍ വ്യക്തമാക്കി
'കെവിനെ മുക്കിക്കൊന്നു' ; മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നു ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി


കോട്ടയം : കെവിന്‍ വധക്കേസില്‍ കോടതിയില്‍ നിര്‍ണായക മൊഴി. കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ പറഞ്ഞു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. അരക്കൊപ്പം വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കെവിന്റെ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കിയത്. 

കെവിന്റേത് അപകടമരണമോ ആത്മഹത്യയോ അല്ല. ശ്വാസകോശത്തില്‍ ഒരു അറയില്‍ 170 മില്ലിയും മറ്റേ അറയില്‍ 150 മില്ലിയും വെള്ളമാണ് ഉണ്ടായിരുന്നത്. ബോധത്തോടെ വെള്ളത്തില്‍ വീഴുകയോ, ജീവനോടെ വെള്ളത്തില്‍ മുക്കുകയോ ചെയ്യുമ്പോഴാണ് ഇത്രയധികം വെള്ളം ശ്വാസകോശത്തില്‍ കയറുകയെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. 

അപകടം നടന്ന തെന്മലയില്‍ ആരെങ്കിലും അബദ്ധത്തില്‍ താഴെ വീഴാന്‍ പറ്റിയ സാഹചര്യമല്ല ഉള്ളതെന്ന് സ്ഥലം സന്ദര്‍ശിച്ച ഡോക്ടര്‍ ശശികല കോടതിയില്‍ വ്യക്തമാക്കി. മനപ്പൂര്‍വമായി ആരെങ്കിലും തള്ളിയിട്ടാല്‍ മാത്രമേ താഴേക്ക് വീഴൂ. മാത്രമല്ല ഉള്ളിലുള്ള രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 

കെവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരായ ഡോക്ടര്‍ വി എന്‍ രാജീവ്, ഡോക്ടര്‍ സന്തോഷ് ജോയ്, മെഡിക്കല്‍ ടീം ഡയറക്ടര്‍ കൂടിയായ ഡോക്ടര്‍ ശശികല എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. സഹാദരിയുടെ ഭാവിയെ കരുതി കെവിനെ തട്ടിക്കൊണ്ടുപോകുകയും, എന്നാല്‍ തെന്മലയില്‍ വെച്ച് കെവിന്‍ തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടുപോകുകയായിരുന്നു എന്നുമാണ് പ്രതികള്‍ പറഞ്ഞിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com