നിപ പരിശോധനാ ഫലം ഇന്നോ നാളെയോ; തെറ്റായ പ്രചാരണത്തിനെതിരെ കടുത്ത നടപടി

വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയ 86 പേര്‍ നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
നിപ പരിശോധനാ ഫലം ഇന്നോ നാളെയോ; തെറ്റായ പ്രചാരണത്തിനെതിരെ കടുത്ത നടപടി

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയ 86 പേര്‍ നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് പൊലീസിനെ ചുമതലപ്പെടുത്തി.

പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ നിപയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. എന്നിരുന്നാലും നിപയാണെന്ന് കരുതി തന്നെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി ഇടപെട്ട 86പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പനിയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇവരെ അഡ്മിറ്റ് ചെയ്യേണ്ടിവന്നാല്‍ അതിനുള്ള സൗകര്യങ്ങളും സജ്ജമാണ്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനനടപടികള്‍ കോഴിക്കോട് നിന്നെത്തിയ സംഘത്തിന്റെ നേതൃത്വത്തില്‍ നല്‍കും. ഏത് തരത്തിലുള്ള രോഗലക്ഷണമുള്ളവരും ചികിത്സ തേടണം. 

നല്ല ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കളമശേരി ഗവ.മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പരുകളില്‍ സംശയനിവാരണത്തിന് വിളിക്കാം. കളമശേരി മെഡിക്കല്‍ കോളേജിലെ എല്ലാ സ്റ്റാഫിനും പരിശീലനം നല്‍കും. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും വസ്ത്രങ്ങളും ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. 

കൂടുതല്‍ കേസുകള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ അങ്ങനെ വന്നാലുള്ള സാഹചര്യവും മുന്നില്‍കാണുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നിപയുണ്ടായ സമയത്തെപോലെ മാധ്യമങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ. മാധ്യമങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കരുത്. ചുതലപ്പെട്ട ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിക്കും. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com