നിലവാരമില്ലാത്ത സിമന്റ്; ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല; ഡിസൈന്‍ മാറ്റി; പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ്

കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലന്‍സ് എഫ്‌ഐആര്‍ നാളെ മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും
നിലവാരമില്ലാത്ത സിമന്റ്; ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല; ഡിസൈന്‍ മാറ്റി; പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് 
വിജിലന്‍സ്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലന്‍സ് എഫ്‌ഐആര്‍ നാളെ മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. അന്വേഷണത്തില്‍ സുപ്രധാനമായ തെളിവുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. 

പാലം നിര്‍മ്മാണത്തിനായി നിലവാരമില്ലാത്ത സിമന്റുകളാണ് ഉപയോഗിച്ചതെന്നും ആവശ്യത്തിന് കമ്പികള്‍ ചേര്‍ത്തില്ലെന്നും കരാറുകാരന് ലാഭം ലഭിക്കുന്നതിനായി പാലത്തിന്റെ ഡിസൈന്‍ മാറ്റി എന്നതുള്‍പ്പെടയുള്ള കാര്യങ്ങളാണ് വിജിലന്‍സ് കണ്ടെത്തിയത്. 

ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഒരുങ്ങിയത്. പാലത്തിന്റെ നിര്‍മാണത്തിലെ പോരായ്മകള്‍ സംബന്ധിച്ചു ചെന്നൈ ഐഐടി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് പരിശോധന നടത്തുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്തത്. നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയിലും നിര്‍മാണത്തിലെ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. 

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്, ഐജി എച്ച്.വെങ്കിടേഷ് എന്നിവര്‍ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിര്‍മാണം എന്നിവയാണു ഐഐടി പഠനത്തില്‍ പാലത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായി കണ്ടെത്തിയത്. വിജിലന്‍സ് നടത്തിയ സാംപിള്‍ പരിശോധനയിലും നിര്‍മാണ സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണു ഇപ്പോള്‍ പാലം അടച്ചിട്ടിരിക്കുന്നത്. ഡിസൈന്‍ അംഗീകരിച്ചതു മുതല്‍ മേല്‍നോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍.

രൂപരേഖയിലെ പിഴവ് കിറ്റ്‌കോയും ആര്‍ബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നും മന്ത്രി ജി. സുധാകരന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണു വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയില്‍ പാലം നിര്‍മിക്കാനുളള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

അറ്‌ലൃശേലൊലിേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com