പരിശീലനത്തിനിടെ വനിതാ പൊലീസ് ട്രെയിനികളെ പീഡിപ്പിക്കാന്‍ ശ്രമം; എഡിജിപി സന്ധ്യക്ക് പരാതി, ഒതുക്കിതീര്‍ക്കാന്‍ ശ്രമം, വിവാദം 

സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിങ് ബാച്ചിലെ രണ്ട് വനിതാ ട്രെയിനി കെഡറ്റുകളാണ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബി സന്ധ്യയ്ക്കു രേഖാമൂലം പരാതി നല്‍കിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കേരള പൊലീസ് അക്കാദമിയില്‍ ട്രെയിനികളോട് ലൈംഗികമായി അപമര്യാദയോടെ പെരുമാറിയതായി പരാതി. പൊലീസ് അക്കാദമി അസിസ്റ്റന്റ് കമന്‍ഡാന്റിനെതിരെയാണ് ലൈംഗികാരോപണ വിവാദം ഉന്നയിച്ചിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിങ് ബാച്ചിലെ രണ്ട് വനിതാ ട്രെയിനി കെഡറ്റുകളാണ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബി സന്ധ്യയ്ക്കു രേഖാമൂലം പരാതി നല്‍കിയത്. 

അക്കാദമി അധികൃതര്‍ക്ക് വാക്കാല്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇദ്ദേഹം പരസ്യമായി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ടിടി4 കമ്പനിയില്‍ അടിസ്ഥാന പരിശീലനം നടത്തുന്ന പുതിയ ബാച്ചിലെ രണ്ട് ട്രെയിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. 

ഇവരുടെ പരാതിയില്‍ പറയുന്നതിങ്ങനെ: മേയ് 20ന് ആണു സംഭവം. പരിശീലനത്തിനിടെ ആറടി ഉയരമുള്ള മതിലില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു വനിതാ ട്രെയിനികള്‍. വനിതാ കമാന്‍ഡിങ് ഓഫിസര്‍മാര്‍ സ്ഥലത്തുണ്ടായിരിക്കെ, അതുവഴി എത്തിയ അസിസ്റ്റന്റ് കമന്‍ഡാന്റ് മനഃപൂര്‍വം ദേഹത്തു സ്പര്‍ശിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറുകയും ചെയ്തു.

ട്രെയിനികള്‍ ഭര്‍ത്താക്കന്മാരെ വിവരം അറിയിച്ചു. അവര്‍ അക്കാദമി ഉന്നത നേതൃത്വത്തെ ഫോണില്‍ അറിയിച്ചു. പരാതി നല്‍ക!ിയെന്ന വിവരമറിഞ്ഞ് ആരോപണവിധേയന്‍ പരിശീലന സ്ഥലത്തെത്തി ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com